ചെന്നൈ: പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ കൈമാറിയെന്നാരോപിച്ച് ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐഎന്‍എസ് അഗ്രാനിയില്‍ വച്ചാണ് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് വിഭാഗം 31കാരനായ പ്രദീപ് മുഖര്‍ജിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയുള്ള ‘ഹണി ട്രാപ്പ്’ ഉപയോഗിച്ചാണ് ചാരപ്രവര്‍ത്തനം നടന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. 2014ല്‍ നാവികസേനയില്‍ ചേര്‍ന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രദീപ് മുഖര്‍ജി വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ മാനേജ്‌മെന്റ് ഡെവലപ്മെന്റ് കോഴ്സില്‍ പങ്കെടുക്കുകയായിരുന്നു. ഏകദേശം ഒരാഴ്ചയായി ഇയാള്‍ കോയമ്പത്തൂരിലെ പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു.
പാകിസ്ഥാന്‍ ചാരസംഘടനയിലെ വനിത മാസങ്ങള്‍ക്ക് മുമ്പ് പ്രദീപ് മുഖര്‍ജിയുമായി ഓണ്‍ലൈനിലൂടെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് ഈ ബന്ധം മുതലെടുത്ത് തന്ത്രപ്രധാനമായ നാവിക ആസ്തികള്‍, കപ്പല്‍ വ്യൂഹങ്ങളുടെ നീക്കം, വിശാഖപട്ടണം നാവിക താവളത്തിന്റെ പ്രവര്‍ത്തനരീതി എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ഇയാളില്‍നിന്ന് ശേഖരിച്ചതായാണ് ആരോപണം. അതിര്‍ത്തി കടന്നുള്ള ചാരപ്രവര്‍ത്തനങ്ങളും ഭീകരവാദ ഭീഷണികളും നേരിടുന്ന പ്രത്യേക വിഭാഗമായ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍, ഉദ്യോഗസ്ഥന്‍ സംശയാസ്പദമായ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. പ്രദീപ് മുഖര്‍ജി കൈമാറിയതായി ആരോപിക്കുന്ന വിവരങ്ങളുടെ സ്വഭാവം, ഓണ്‍ലൈന്‍ ബന്ധത്തിന്റെ വ്യാപ്തി, പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശത്രുരാജ്യത്തിന് കൈമാറുന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം കര്‍ശനമായ ശിക്ഷാ വ്യവസ്ഥകളുണ്ട്. കേസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രതിക്കെതിരെ ചുമത്തുന്ന വകുപ്പുകളും തുടര്‍നടപടികളും വ്യക്തമാകുക.