ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാരുടെ അംഗീകാരമില്ലാതെ ചില സുപ്രധാന തീരുമാനങ്ങൾ എടുത്തെന്ന ആരോപണമാണ് ഹർജിക്കാർ ഉന്നയിച്ചത്. അതേസമയം, ഹർജിയിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും കോടതി നോട്ടീസ് അയച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നിൽ കൂടുതൽ അംഗങ്ങളുള്ള സംവിധാനമാണെന്നും തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലോ മാത്രമേ എടുക്കാവൂ എന്നുമായിരുന്നു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിംഗിന്റെ വാദം.
വിഷയം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാലയളവിൽ കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷാടിസ്ഥാനത്തിലോ മാത്രമേ എടുക്കാവൂ എന്ന് ഇടക്കാല നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ തൽക്കാലം സസ്പെൻഡ് ചെയ്യണമെന്നും അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ, ഹർജിയിലെ ആരോപണങ്ങൾ പ്രധാനമായും മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. വാർത്താ റിപ്പോർട്ട് പൂർണമായും ശരിയായിരിക്കാം, ഭാഗികമായി ശരിയായിരിക്കാം, അല്ലെങ്കിൽ തെറ്റായിരിക്കാം. അതിന്റെ മാത്രം അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് നിയമപരമായ ചട്ടക്കൂടുണ്ടെന്നും അതനുസരിച്ചാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും കോടതി പറഞ്ഞു. കമ്മീഷൻ അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും, എന്നാൽ തീരുമാനങ്ങൾ നിയമപ്രകാരമായിരിക്കണമെന്നുമാണ് കോടതിയുടെ നിലപാട്.
നിലവിലെ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും പത്ത് ദിവസത്തെ കാലയളവ് കാര്യമായ മാറ്റമുണ്ടാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പിന്നീട് ഏതെങ്കിലും തീരുമാനം തെറ്റായ രീതിയിലാണ് എടുത്തതെന്ന് കണ്ടെത്തിയാൽ അത് റദ്ദാക്കാൻ കോടതിക്ക് കഴിയുമെന്നും ബെഞ്ച് വ്യക്തമാക്കി.