ലഖ്നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. യുപി എംഎൽഎ ധരംപാൽ സിംഗ്, മുതിർന്ന നേതാക്കളായ രാധാകാന്ത് ഓജ, ഗോപീകൃഷ്ണ പാണ്ഡെ, പ്രകാശ് പാൽ എന്നിവർ പട്ടികയിലുണ്ട്.
മുൻ ലോക്സഭാംഗവും മുൻ യുപി എംഎൽഎയുമായ വിദ്യാസാഗർ സോങ്കർ, മുൻ ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്ത്, മുതിർന്ന നേതാവ് രാം പ്രതാപ് സിംഗ് ചൗഹാൻ, ശ്രുതി ഗംഗ്വാർ എന്നിവരും സ്ഥാനാർഥികളായി
തെരഞ്ഞെടുപ്പ് നടക്കുന്ന 10 സീറ്റുകളിൽ നിലവിൽ ഏഴിലാണ് ബിജെപിക്ക് മുൻതൂക്കമുള്ളത്. ഒരാളെ കൂടി നിർത്തിയതിലൂടെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഉത്തർപ്രദേശിൽ സസ്പെൻസ് ത്രില്ലർ ആകും. പ്രതിപക്ഷ നിരയിൽ നിന്നുളള എംഎൽഎമാരുടെ പിന്തുണയിൽ എട്ട് പേരെയും വിജയിപ്പിക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
അതേസമയം, സമാജ്‌വാദി പാർട്ടി മൂന്ന് സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ അംഗബലം അനുസരിച്ച് രണ്ടുപേരെയാണ് വിജയിപ്പിക്കാനുക. ഒക്ടോബർ 16ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. അന്നുതന്നെ വോട്ടെണ്ണലും നടക്കും.