രാമനാഥപുരം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) രാഷ്‌ട്രീയ വിഭാഗമായ SDPIയുടെ പേരിൽ രാമനാഥപുരം ജില്ലയിൽ പരിശീലന ക്യാമ്പുകൾ നടക്കുന്നതായി ആരോപണം. രാമനാഥപുരം ജില്ലാ പോലീസ് ഗ്രൗണ്ടിൽ പോലും ക്രിക്കറ്റ് കളിയുടെ മറവിൽ പരിശീലനം നടക്കുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ തമിഴ്നാട് പോലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി പരാതി നൽകിയിട്ടുണ്ട്.
രാമനാഥപുരം സ്വദേശിയായ മുഹമ്മദ് റഈസുദ്ദീൻ ഉന്നയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിന്ദുമുന്നണി അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. SDPIയുമായി ബന്ധപ്പെട്ട ‘Democratic Squad’ എന്ന വിഭാഗത്തിന്റെ പേരിലാണ് വിവിധയിടങ്ങളിൽ ആയുധപരിശീലനം ഉൾപ്പെടെ നടക്കുന്നതെന്നാണ് ഗുരുതര ആരോപണം.
ക്രിക്കറ്റ് കളിക്കാനെന്ന പേരിൽ പുലർച്ചെ നാല് മണിയോടെ പോലീസ് ഗ്രൗണ്ടിൽ പ്രവേശിച്ച് പരിശീലനം നടത്തിയെന്നാണ് മുഹമ്മദ് റഈസുദ്ദീന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. സംഭവത്തിൽ സംസ്ഥാന ഇന്റലിജൻസും കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേഷണം നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തെളിവുകളും പുറത്തുവിടുമെന്ന് റഈസുദ്ദീൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
2020 നവംബറിൽ രാമനാഥപുരത്തെ പെരിയപട്ടണത്ത് PFI പരിശീലന ക്യാമ്പ് കണ്ടെത്തിയതായി തമിഴ്നാട് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ രാമനാഥപുരം ഉൾപ്പെടെയുള്ള തീരമേഖലകളിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.