ന്യൂഡൽഹി: ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍. എംപിമാരെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെ ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും. മറ്റ് എംപിമാരെ സ്ഥലത്ത് നിന്നും നീക്കി. പ്രതിപക്ഷ പ്രതിഷേധം പ്രഹസനമായി മാറിയതോടെയാണ് രാഹുലും പ്രിയങ്കയും നാടകമാരംഭിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്താനുള്ള ശ്രമം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് മാർച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ എംപിമാർ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ എംപിമാർക്കൊപ്പം ഏതാനും പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തിരുന്നു. ഇതിനിടെ ഡൽഹിയിലെ കനത്ത ചൂടും പ്രതിഷേധക്കാർക്ക് വെല്ലുവിളിയായി.
പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി ബാരിക്കേഡിന് മുകളിൽ കയറിയെങ്കിലും പിന്നീട് താഴെയിറങ്ങി. ചൂട് കനത്തതോടെ ചില എംപിമാർ തങ്ങളെ സ്ഥലത്തുനിന്ന് മാറ്റണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തുടർന്ന് ചില എംപിമാർ സ്വമേധയാ പൊലീസ് വാഹനങ്ങളിൽ കയറി. മറ്റ് ചിലരെ പൊലീസ് പിടിച്ചു കയറ്റുകയും ചെയ്തു.
ഇതിനിടെ രാഹുൽ ഗാന്ധി ആകാശവാണി ഭവൻ ഭാഗത്തേക്ക് നീങ്ങി. അവിടെയുള്ള ചെറിയ പ്രവേശന കവാടത്തിലൂടെ അകത്തേക്ക് പ്രവേശിക്കാൻ അദ്ദേഹം ശ്രമിച്ചു. പിന്നാലെ പ്രിയങ്ക സ്ഥലത്തെത്തി. ഇരുവരും ഏതാനും പ്രതിപക്ഷ എംപിമാർക്കൊപ്പം ആകാശവാണി ഭവൻ പരിസരത്ത് തുടരുകയാണ്.