ലണ്ടൻ: ലോകപ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ കൺസർവേറ്റീവ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസായിരുന്നു. തിങ്കളാഴ്ച (ഒക്ടോബർ 5) എഴുത്തിനിടയിൽ വീട്ടിൽ വച്ചായിരുന്നു മരണം. “പെട്ടെന്നെങ്കിലും സമാധാനപരമായിരുന്നു അന്ത്യം” എന്നാണ് പ്രസാധകരായ ഹാർപ്പർകോളിൻസ് അറിയിച്ചത്.
അഞ്ച് പതിറ്റാണ്ടോളം നീണ്ട എഴുത്തുജീവിതത്തിൽ ബെസ്റ്റ് സെല്ലർ നോവലുകളിലൂടെ ആഗോളതലത്തിൽ വലിയ വായനാസമൂഹത്തെ സൃഷ്ടിച്ച എഴുത്തുകാരനായിരുന്നു ആർച്ചർ. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം പുസ്തകങ്ങൾ 30 കോടിയിലേറെ കോപ്പികൾ വിറ്റിട്ടുണ്ട്.
ഹാർപ്പർകോളിൻസിന്റെ യു.കെ. സി.ഇ.ഒയും ആർച്ചറിന്റെ എഡിറ്ററുമായ കേറ്റ് എൽട്ടൺ, തലമുറകളിലെ വായനക്കാർക്ക് സന്തോഷം പകർന്ന എഴുത്തുകാരനെയും അടുത്ത സുഹൃത്തിനെയും നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ചു.
ആർച്ചർ ഈ ആഴ്ച ചെൽട്ടൻഹാം ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു. 50 വർഷത്തെ എഴുത്തു ജീവിതനിനു ശേഷം തന്റെ അവസാന നോവലെന്ന് അദ്ദേഹം വിശേഷിപ്പിച്ച ‘Adam and Eve’യെക്കുറിച്ച് സംസാരിക്കാനായിരുന്നു പരിപാടി. പുസ്തകം ഒക്ടോബർ 6ന് പുറത്തിറങ്ങാനിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. മരണത്തിന് തൊട്ടുമുൻപ് ഞായറാഴ്ച ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ ആരാധകർക്കായി പുസ്തകങ്ങളിൽ ഒപ്പിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
29-ാം വയസിൽ എംപി
സാഹിത്യലോകത്തെ വലിയ വിജയത്തിന് മുമ്പ് തന്നെ ആർച്ചർ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം കൺസർവേറ്റീവ് പാർട്ടിയിൽ ചേർന്നത്. 1969ൽ 29-ാം വയസിൽ ഉപതിരഞ്ഞെടുപ്പിലൂടെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ 1974ൽ കാനഡയിലെ ഒരു വ്യാവസായിക ക്ലീനിങ് കമ്പനിയിലെ നിക്ഷേപം തകർന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. അതിനുശേഷമാണ് എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിച്ചത്.
1975ൽ പുറത്തിറങ്ങിയ ‘Not a Penny More, Not a Penny Less’ ആയിരുന്നു ആദ്യ നോവൽ. സാമ്പത്തിക രംഗവും രാഷ്ട്രീയവും പശ്ചാത്തലമാക്കിയ തുടർന്നുള്ള പുസ്തകങ്ങൾ വലിയ വാണിജ്യവിജയം നേടി. വിമർശകരിൽനിന്ന് പലപ്പോഴും പ്രതികൂല വിലയിരുത്തലുകൾ ലഭിച്ചെങ്കിലും വായനക്കാർക്കിടയിൽ ആർച്ചറിന്റെ ജനപ്രീതി തുടർന്നു.
എഴുത്തിൽനിന്ന് ലഭിച്ച സമ്പത്തിനൊപ്പം രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനുള്ള ശ്രമങ്ങളും അദ്ദേഹം തുടർന്നു. കൺസർവേറ്റീവ് പാർട്ടിക്കായി വലിയ തോതിൽ ഫണ്ട് സമാഹരിക്കുന്നതിലും ആർച്ചർ സജീവമായിരുന്നു.
1985ൽ പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ അദ്ദേഹത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനായി നിയമിച്ചു. എന്നാൽ ഒരു വർഷത്തിനുശേഷം ലൈംഗിക തൊഴിലാളിയായ മോണിക്ക കോഗ്ലന് 2,000 പൗണ്ട് നൽകിയ സംഭവത്തെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു.
2014ൽ തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചതായി ആർച്ചർ വെളിപ്പെടുത്തിയിരുന്നു.
സാഹിത്യത്തിലെ വൻ വിജയങ്ങളും രാഷ്ട്രീയത്തിലെ ഉയർച്ചകളും വിവാദങ്ങളും നിയമപോരാട്ടങ്ങളും ഉൾപ്പെടെ അസാധാരണമായ ജീവിതമാണ് ജെഫ്രി ആർച്ചറിന്റേത്. അഞ്ച് പതിറ്റാണ്ട് നീണ്ട എഴുത്തുയാത്രയുടെ അവസാന അധ്യായമായ ‘Adam and Eve’ പുറത്തിറങ്ങുന്ന ദിവസത്തോടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിന് തിരശ്ശീല വീഴുന്നത്.















