കൊച്ചി: സത്യവും മിഥ്യയും തമ്മിലുള്ള അതിർവരമ്പുകൾ തേടിപ്പോകുന്ന ഫാന്റസി ത്രില്ലർ ചിത്രം ‘മായൻന്റെ ചിത്രീകരണം പൂർത്തിയായി. വിപരീതമായ ആചാരക്രമങ്ങളുടെയും അവയ്‌ക്ക് പിന്നിലെ നിഗൂഢതകളുടെയും ലോകത്തേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണിത്. കളങ്കാവിൽ എന്ന ചിത്രത്തിലൂടെ നിരവധി മുൻവിധികളെ തകിടം മറിച്ച് ശ്രദ്ധ നേടിയ സംവിധായകൻ ജിതിൻ കെ. ജോസ് ആണ് ‘മായൻ’ ഒരുക്കുന്നത്.
മാജിക് മൂൺ ബാനറിൽ രാജീവ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഓർഡിനറി, അനാർക്കലി എന്നീ വിജയചിത്രങ്ങൾക്ക് ശേഷം രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘മായൻ’.
യൂറോപ്യൻ രാജ്യങ്ങളായ അയർലൻഡ്, ഡെൻമാർക്ക് എന്നിവിടങ്ങളിലും കേരളത്തിലെ കുട്ടിക്കാനം, വാഗമൺ, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഡിസംബർ മൂന്നിന് ചിത്രം തിയറ്ററുകളിലെത്തും.
പ്രേക്ഷകരുടെ സാധാരണ ആസ്വാദന നിലവാരത്തിനപ്പുറത്തേക്ക് സഞ്ചരിക്കുന്ന പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. എന്നാൽ പ്രമേയത്തിന്റെ ഗൗരവത്തിനൊപ്പം മികച്ചൊരു എന്റർടെയ്‌നർ ഒരുക്കാനുള്ള ശ്രമമാണ് സംവിധായകൻ ജിതിൻ കെ. ജോസ് നടത്തുന്നത്.
ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിരിച്ച മുഖത്തിനുള്ളിൽ നിഗൂഢതയുടെ ഭാരം പേറുന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ചരിത്രത്താളുകളിലേക്ക് കഠാര കുത്തിയിറക്കുന്ന ഭാവത്തിലുള്ള ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.
കത്തനാർ എന്ന ചിത്രത്തിന് ശേഷം മനസ്സുകൊണ്ടും ശരീരം കൊണ്ടും ഏറെ പരിശ്രമിച്ചാണ് ‘മായൻ’ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് ജയസൂര്യ വ്യക്തമാക്കിയിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഖിൽ ശ്രീനിവാസ് കോ-ഡയറക്ടറാണ്.
വിജയ് ബാബു, നൈല ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
വിജയ് ബാബു, നൈല ഉഷ, അർഷാ ബൈജു, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം: മുജീബ് മജീദ്
ഛായാഗ്രഹണം: ഫൈസൽ അലി
എഡിറ്റിംഗ്: പ്രവീൺ കുമാർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: രോഹിത് ആർ. നായർ
കലാസംവിധാനം: സുനിൽ ദാസ്
മേക്കപ്പ്: അമൽ ചന്ദൻ
കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്
സ്റ്റിൽസ്: സിനറ്റ് സേവ്യർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: വി. ബോസ്
പ്രൊഡക്ഷൻ മാനേജർ: പീറ്റർ അർത്തുങ്കൽ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാർ: എബി ബെന്നി, കിരൺ കാന്ത്
കൺട്രോളർ: ദീപക് പരമേശ്വരൻ
പി.ആർ.ഒ: വാഴൂർ ജോസ്















