തിരുവനന്തപുരം: ചിറയിൻകീഴിൽ പൊലീസ് മർദനമേറ്റെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ മരിച്ച പെരുങ്കുഴി സ്വദേശി സജിയുടെ മരണത്തിൽ പുതിയ വഴിത്തിരിവ്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിക്കുമ്പോൾ, മർദനമേറ്റ വിവരം ആശുപത്രിയിൽ അറിയിച്ചിരുന്നില്ലെന്നും പറഞ്ഞ അസുഖങ്ങൾക്ക് ആവശ്യമായ മരുന്ന് നൽകിയിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം, സജിയുടെ മരണത്തിൽ പുറത്തുവന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കടുത്ത അണുബാധയും ന്യൂമോണിയയും ഉണ്ടായിരുന്നതായി സൂചനയുണ്ട്. കൂടുതൽ പരിശോധനകൾക്കായി ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
ഒക്ടോബർ രണ്ടിനാണ് സജിക്ക് പൊലീസ് മർദനമേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. സമീപവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിക്കുന്നത് തടയാൻ ശ്രമിച്ചതിനെ തുടർന്ന് സജിയെയും പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. ചിറയിൻകീഴ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ചേർന്ന് മർദിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.
മർദനത്തിന് പിന്നാലെ സജിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂത്രത്തിൽ രക്തം കണ്ടതായും രക്തം ഛർദിച്ചതായും മുഖത്ത് നീരുണ്ടായതായും കുടുംബം ആരോപിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒക്ടോബർ നാലിന് രാത്രി സജിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
എന്നാൽ ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മർദനമേറ്റ വിവരം ആശുപത്രിയിൽ അറിയിച്ചിരുന്നെങ്കിലും ഡോക്ടർ മതിയായ പരിശോധനയോ ചികിത്സയോ നടത്തിയില്ലെന്നും വേദനയ്‌ക്കും നീർക്കുമുള്ള മരുന്ന് നൽകി വീട്ടിലേക്ക് മടക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. വിദഗ്ധ ചികിത്സ ലഭിച്ചിരുന്നെങ്കിൽ സജിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
അതേസമയം, സജിക്ക് മർദനമേറ്റ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. സജി പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾക്കനുസരിച്ച് മരുന്ന് നൽകിയെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ സജിയുടെ ആരോഗ്യനില വീണ്ടും വഷളായി. തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. സജിയുടെ മരണത്തിന് പൊലീസ് മർദനമാണ് കാരണമെന്ന ആരോപണത്തെ തുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.














