തിരുവനന്തപുരം: മരുന്നുക്ഷാമം, ചികിത്സാപ്പിഴവ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾക്കിടെ ആരോഗ്യവകുപ്പിൽ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥതലവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്ന് മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് മന്ത്രി ആവശ്യം ഉന്നയിച്ചത്. നയപരമായ വിഷയങ്ങളിൽ മന്ത്രിയെന്ന നിലയിൽ തീരുമാനമെടുത്ത് നിർദേശം നൽകിയിട്ടും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്നാണ് മന്ത്രിയുടെ പ്രധാന പരാതി. താൻ നടപടിക്ക് നിർദേശിച്ച 35 ഫയലുകൾ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ പിടിച്ചുവച്ചിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചതായാണ് റിപ്പോർട്ട്.
വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളിലും തുടർനടപടി ഉണ്ടായിട്ടില്ലെന്നും മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. മരുന്നുക്ഷാമം ഫലപ്രദമായി നേരിടുന്നതിൽ ഉന്നത ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ ഏകോപനമില്ലെന്നും മന്ത്രിക്ക് പരാതിയുണ്ട്.
മരുന്ന് വാങ്ങലിലെ ആരോപണത്തിലും അന്വേഷണം വൈകുന്നു
മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പരിശോധന നടത്താൻ മൂന്ന് മാസം മുൻപ് നിർദേശം നൽകിയിട്ടും തുടർനടപടി ഉണ്ടായില്ലെന്നാണ് മന്ത്രിയുടെ പരാതി. ഇതിന് പുറമെ മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ എംഡി ലക്ഷങ്ങൾ ചെലവഴിച്ച് ടെന്നിസ് ക്ലബിൽ അംഗത്വമെടുത്തത് വിവാദമായ സാഹചര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിരുന്നു.
എന്നാൽ ഈ നിർദേശത്തിലും നടപടിയുണ്ടായില്ലെന്നാണ് മന്ത്രിയുടെ ആരോപണം. ഇക്കാര്യങ്ങളാണ് മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാക്കിയത്.
ആരോഗ്യവകുപ്പിലെ ചില പ്രധാന പദ്ധതികളുടെ നടപടിക്രമങ്ങളിലും കാലതാമസം ഉണ്ടാകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടാം മെഡിക്കൽ കോളജിന്റെയും നഴ്‌സിങ് കോളജ് ഹോസ്റ്റലിന്റെയും നിർമാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ വിവിധ സ്ഥാപനങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടും അനുമതി നടപടികൾ വൈകുകയാണെന്നാണ് മന്ത്രിയുടെ പരാതി.
മരുന്നുകളുടെ ലഭ്യത, ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, വകുപ്പുതല അന്വേഷണങ്ങളിലെ തുടർനടപടികൾ എന്നിവയിൽ ഏകോപനക്കുറവ് നിലനിൽക്കുന്നുവെന്ന മന്ത്രിയുടെ നിലപാടാണ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചതെന്നാണ് റിപ്പോർട്ട്.














