പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു. മഹാരാഷ്‌ട്രയിലെ ഹിങ്കോളിയിലാണ് സംഭവം. ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജര്‍ മഹേഷ് ഷെല്‍ക്കെ ആണ് കൊല്ലപ്പെട്ടത്. പെട്രോള്‍ പമ്പ് ഉടമയുടെ മകനുമായുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൂന്ന് മാസമായി അടച്ചിട്ടിരുന്ന ചോന്ധിയിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യാന്‍ ഷെല്‍ക്കെയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. സാങ്കേതിക തടസ്സങ്ങളെ തുടര്‍ന്നായിരുന്നു പമ്പ് അടച്ചിട്ടിരുന്നത്.

പമ്പിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുമാസം കൂടി സമയം അനുവദിക്കണമെന്ന് ഉടമ സാഹേബ്റാവു പാണ്ഡവീറിന്റെ കുടുംബം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും സംഘം തയ്യാറായില്ല. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ഉടമയുടെ മകന്‍ ഉമേഷ് പാണ്ഡവീര്‍ കത്തിയുപയോഗിച്ച് ഷെല്‍ക്കെയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വയറിലും പുറത്തും മുഖത്തുമായി ഗുരുതരമായി പരിക്കേറ്റ ഷെല്‍ക്കെ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഏഴ് തവണയാണ് അദ്ദേഹത്തിന് കുത്തേറ്റതെന്നാണ് വിവരം.

കൊലപാതകത്തിന് പിന്നാലെ പ്രതിയും മറ്റുള്ളവരും രണ്ട് കാറുകളിലായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറുന്ദ പൊലീസ് സ്റ്റേഷനില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെയാണ് ഷെല്‍ക്കെ ആക്രമിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ അര്‍വിന്ദര്‍ സിങ് സാഹ്നി പറഞ്ഞു. സഹപ്രവര്‍ത്തകന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയും സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം മഹാരാഷ്‌ട്ര പൊലീസിനോട് ആവശ്യപ്പെട്ടു.

Share