കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയാന്‍ ഓണ്‍ലൈന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കി മെറ്റ. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും കുറ്റവാളികളുടെ തന്ത്രങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിനുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ (എല്‍എല്‍എം), എഐ അധിഷ്ഠിത റെഡ്-ടീമിങ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതായി കമ്പനി അറിയിച്ചു.

പരസ്യങ്ങളിലും മറ്റ് ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളിലും ഒളിപ്പിച്ചിരിക്കുന്ന സംശയാസ്പദമായ ലിങ്കുകളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളിലേക്ക് നയിച്ചേക്കാവുന്ന സൂചനകളും കണ്ടെത്താന്‍ പുതിയ സംവിധാനങ്ങള്‍ക്ക് സാധിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അക്കൗണ്ടുകള്‍ക്കെതിരെ വേഗത്തില്‍ നടപടി സ്വീകരിക്കാനും സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മെറ്റ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട ഏകദേശം 53 ലക്ഷം ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഇതില്‍ 98 ശതമാനത്തിലധികവും ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ മെറ്റയുടെ സംവിധാനങ്ങള്‍ കണ്ടെത്തിയതായാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ ആഗോളതലത്തില്‍ 3.32 കോടി ഉള്ളടക്കങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചതായി മെറ്റ അറിയിച്ചു.

നിയമവിരുദ്ധ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തുന്നതിനായി ഫോട്ടോഡിഎന്‍എ, ഫോട്ടോ-വീഡിയോ മാച്ചിങ് സാങ്കേതികവിദ്യകളും മെറ്റ ഉപയോഗിക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ നിയമവിരുദ്ധ ദൃശ്യങ്ങളുമായി പുതിയ ഉള്ളടക്കങ്ങളെ താരതമ്യം ചെയ്യുന്നതിലൂടെ അവ വീണ്ടും പ്രചരിക്കുന്നത് തടയാന്‍ ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായുള്ള സഹകരണവും മെറ്റ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുമ്പോള്‍ ബന്ധപ്പെട്ട നിയമപാലക ഏജന്‍സികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനുമാണ് ഇത്തരം സഹകരണമെന്ന് കമ്പനി വ്യക്തമാക്കി. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും സുരക്ഷിതമായ ഡിജിറ്റല്‍ അന്തരീക്ഷം ഒരുക്കുന്നതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിരോധ നടപടികള്‍ തുടരുമെന്നും ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മെറ്റ അറിയിച്ചു.

Share