കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും സമയക്രമത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും നിയന്ത്രിക്കാന്‍ പുതിയ സാങ്കേതിക സംവിധാനവുമായി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ടിഎ). ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള സമയവ്യത്യാസം ഗതാഗതക്കുരുക്കിനും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ‘ഡൈനാമിക് ടൈം ഷെഡ്യൂളിങ്’ സംവിധാനമാണ് പരിഗണനയിലുള്ളത്. ‘കേരള ബസ്’ പോലുള്ള മൊബൈല്‍ ആപ്പുകള്‍ വഴി ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ ശേഖരിച്ചാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം നിശ്ചിത സമയക്രമം പലപ്പോഴും പാലിക്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ചാണ് പുതിയ നീക്കം.
പുതിയ സംവിധാനത്തില്‍ ഒരേ റൂട്ടിലുള്ള മറ്റു ബസുകളുടെ സഞ്ചാരവും സ്ഥാനവും ഡ്രൈവര്‍മാര്‍ക്ക് ആപ്പിലൂടെ മനസ്സിലാക്കാനാകും. മുന്നിലുള്ള ബസ് എവിടെയെത്തിയെന്നും പിന്നിലുള്ള ബസ് എത്ര ദൂരെയാണെന്നും അറിയാന്‍ കഴിയും. ഓരോ സ്റ്റോപ്പിലും എത്രനേരം നിര്‍ത്തണം, എപ്പോള്‍ യാത്ര തുടരണമെന്നത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഡാഷ്ബോര്‍ഡ് കണ്‍സോള്‍ വഴി നല്‍കാനും പദ്ധതിയുണ്ട്. 2025 ഓഗസ്റ്റ് എട്ടിന് എസ്ടിഎ കൈക്കൊണ്ട തീരുമാനപ്രകാരം ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മില്‍ നഗരമേഖലയില്‍ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണ മേഖലയില്‍ പത്തു മിനിറ്റും ഇടവേള വേണം. യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ബസുകളുടെ ലഭ്യതയും സമയവും മുന്‍കൂട്ടി അറിയാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.
2026 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനം മുതല്‍ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശമെന്നാണ് വിവരം. ഇത് നടപ്പായാല്‍ പുതിയ പെര്‍മിറ്റുകള്‍ക്ക് സമയക്രമം നിശ്ചയിക്കുന്നതിനായി നിലവില്‍ നടത്തിവരുന്ന ദീര്‍ഘമായ ടൈമിങ് കോണ്‍ഫറന്‍സുകളുടെ ആവശ്യം കുറയാനും സാധ്യതയുണ്ട്. അതേസമയം, ബസുകളിലെ സാങ്കേതിക സംവിധാനങ്ങളുടെ ഏകോപനം, ബസ് ഓപ്പറേറ്റര്‍മാരുടെ സഹകരണം, പദ്ധതി പ്രായോഗികമായി നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ എന്നിവയില്‍ വ്യക്തത വരേണ്ടതുണ്ട്. പദ്ധതിയുടെ സാങ്കേതികവും പ്രായോഗികവുമായ വശങ്ങള്‍ പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നതതല സമിതിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പദ്ധതിയുടെ അന്തിമരൂപവും പ്രവര്‍ത്തനരീതിയും സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതിനാല്‍, സംവിധാനം നിര്‍ബന്ധമാക്കുന്ന തീയതിയും നടപ്പാക്കല്‍ രീതിയും സംബന്ധിച്ച ഔദ്യോഗിക വ്യക്തത നിര്‍ണായകമാണ്.















