കൊച്ചി: കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വ്യാപക പരിശോധന. അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെയും മലപ്പുറം തെന്നല സര്‍വീസ് സഹകരണ ബാങ്കിലെയും സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അങ്കമാലിയില്‍ 1.82 കോടി രൂപയുടെ രണ്ട് സ്ഥിരനിക്ഷേപങ്ങളും തെന്നല ബാങ്കില്‍ 24.50 ലക്ഷം രൂപയോളം മൂല്യമുള്ള 20 സ്ഥിരനിക്ഷേപങ്ങളും മരവിപ്പിക്കാനാണ് നടപടി. മൂന്ന് പ്രധാന കേസുകളുമായി ബന്ധപ്പെട്ട് കേരളത്തിലെ 17 ഇടങ്ങളില്‍ ഒരേസമയം പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍, വായ്പാ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. കൊച്ചി സോണല്‍ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, തെന്നല സര്‍വീസ് സഹകരണ ബാങ്ക്, തൃശ്ശൂരിലെ കുട്ടനെല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ആകെ 27 കേസുകളിലായി ഏകദേശം 550 കോടി രൂപയുടെ അനധികൃത വരുമാനവും സാമ്പത്തിക തട്ടിപ്പുകളും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഇഡി വ്യക്തമാക്കി. അങ്കമാലി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസില്‍ ഏകദേശം 55 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍, അന്വേഷണത്തില്‍ 65 അംഗങ്ങളുടെ പേരില്‍ 108 വസ്തുക്കള്‍ ഈടായി കാണിച്ച് 96.74 കോടി രൂപയുടെ 422 വായ്പകള്‍ അനുവദിച്ചതായി കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ഇതില്‍ 33.82 കോടി രൂപയുടെ 159 വായ്പകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായും ഇഡി വ്യക്തമാക്കി. പരിശോധനയ്‌ക്കിടെ വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍, 38 സ്ഥാവര സ്വത്തുക്കളുടെ രേഖകള്‍, മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ തെന്നല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രസിഡന്റ് എം.പി. കുഞ്ഞിമോയിന്‍, മുന്‍ സെക്രട്ടറി കെ.എ. വാസുദേവന്‍ മൂസ്സത് എന്നിവരുമായി ബന്ധപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴ് ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ഏകദേശം 10 കോടി രൂപയുടെ സംശയാസ്പദമായ കുറ്റകൃത്യ വരുമാനം കണ്ടെത്തിയതായാണ് ഇഡിയുടെ വിശദീകരണം. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിച്ചശേഷം കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ലെന്നതും വ്യാജ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകളും പണയവായ്പകളും അനുവദിച്ച് തട്ടിപ്പ് നടത്തിയെന്നതുമാണ് കേസിലെ പ്രധാന ആരോപണങ്ങള്‍.
തൃശ്ശൂരിലെ കുട്ടനെല്ലൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട കേസിലും ഇഡി പരിശോധന നടത്തി. ബാങ്കിന് 27 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഉടമകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ സ്വത്തുക്കള്‍ ഈടായി ഉപയോഗിക്കുകയും വ്യാജ മരണ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് മറ്റുള്ളവരുടെ പേരില്‍ വായ്പകള്‍ തരപ്പെടുത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിലൂടെ ബാങ്കിനെയും നിക്ഷേപകരെയും കബളിപ്പിച്ചെന്ന പരാതിയിലാണ് അന്വേഷണം. തൃശ്ശൂരിലും സമീപപ്രദേശങ്ങളിലുമായി ബാങ്കുമായി ബന്ധപ്പെട്ട അഞ്ച് കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. റിക്സണ്‍ പ്രിന്‍സ് ഉള്‍പ്പെടെയുള്ള മുന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. മൂന്ന് കേസുകളിലെയും സാമ്പത്തിക ഇടപാടുകള്‍, വായ്പാ രേഖകള്‍, സ്വത്തുക്കളുടെ വിവരങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇഡിയുടെ നീക്കം.















