ന്യൂഡൽഹി: സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുലിന്റെ നിലപാട് മാറ്റത്തെ വിമർശിച്ച് ബിജെപി എംപി തേജസ്വി സൂര്യ. മോദി സർക്കാരിനെ എതിർക്കുന്നതിനായി ദേശീയ താൽപര്യങ്ങൾ പോലും മറക്കുകയാണോ രാഹുലെന്ന് അദ്ദേഹം ചോദിച്ചു. സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേരത്തേ സ്വീകരിച്ച നിലപാടും ഇപ്പോഴത്തെ സമീപനവും തമ്മിൽ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് തേജസ്വി സൂര്യയുടെ വിമർശനം.
സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള വ്യവസായികൾക്ക് നേട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും അന്ന് ഉന്നയിച്ചു. എന്നാൽ ഇപ്പോൾ ഇലോൺ മസ്കിന്റെ പോസ്റ്റിനോട് പ്രതികരിച്ച രാഹുൽ സ്റ്റാർലിങ്കിന്റെ ഇന്ത്യാ പ്രവേശനത്തെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഈ വൈരുദ്ധ്യമാണ് തേജസ്വി സൂര്യ ചൂണ്ടിക്കാട്ടിയത്.
സർക്കാർ സ്റ്റാർലിങ്കിനെ പിന്തുണയ്‌ക്കുന്നുവെന്ന് തോന്നിയപ്പോൾ എതിർക്കുകയും സർക്കാർ എതിർക്കുന്നുവെന്ന് തോന്നിയപ്പോൾ പിന്തുണയ്‌ക്കുകയും ചെയ്യുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്ന് അദ്ദേഹം വിമർശിച്ചു. സ്ഥിരതയുള്ള നിലപാടുകൾക്കും ദേശീയ സുരക്ഷയ്‌ക്കും പകരം മോദി വിരോധത്തിനാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്നും തേജസ്വി സൂര്യ കൂട്ടിച്ചേർത്തു.
സ്വന്തം രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി വിദേശ താൽപര്യങ്ങൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് രാഹുലിൻറേത്, ഇത്തരം നിലപാടുകൾ രാജ്യത്തിന് വലിയ വില നൽകേണ്ട സാഹചര്യം സൃഷ്ടിക്കും. ഇത്തരം സമീപനങ്ങൾ രാജ്യത്തിന്റെ സാങ്കേതിക മേഖലയിലും സാമ്പത്തിക രംഗത്തും വിദേശ ആശ്രിതത്വം വർധിപ്പിക്കുമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു. മോദിയെ എതിർക്കുന്നതിനായി ഇന്ത്യയുടെ താൽപര്യങ്ങളെ എതിർക്കുമോ എന്ന ചോദ്യവും രാഹുലിനോട് തേജസ്വി സൂര്യ ഉന്നയിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ദേശീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.