അഡലെയ്ഡ്: ഓസ്‌ട്രേലിയയിൽ റോഡിന്റെ നടുവിൽ നിസ്കരിച്ച യുവതി കാറിടിച്ച് മരിച്ച സംഭവത്തിൽ യുവ ഡ്രൈവർക്ക് ജയിൽശിക്ഷ കോടതി റദ്ദാക്കി. അപകടത്തിന് ശേഷം വാഹനം നിർത്താതെ കടന്നുകളഞ്ഞ കേസിൽ 20കാരനായ ആഷ്ടൺ ഫ്രണ്ടിനാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പാകിസ്ഥാനിയായ സമിയ മാലിക്കാണ് അപകടത്തിൽ മരിച്ചത്.
2025 മേയ് ആറിന് രാത്രി 11 മണിയോടെ അഡലെയ്ഡിലെ ഹിൽക്രെസ്റ്റിലുള്ള നോർത്ത് ഈസ്റ്റ് റോഡിലായിരുന്നു അപകടം. അശ്രദ്ധമായി വാഹനം ഓടിച്ചതിനും മരണത്തിന് കാരണമായതിനും അപകടസ്ഥലത്ത് നിർത്താതെ പോയതിനും ഫ്രണ്ട് കുറ്റം സമ്മതിച്ചിരുന്നു.
അപകടത്തിന് മുമ്പ് സമിയ ഏകദേശം നാല് മിനിറ്റോളം റോഡിന്റെ നടുവിൽ നിസ്കരിച്ചതായി കോടതി പരിഗണിച്ച ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സമിയയുടെ കൈകൾ പ്രാർഥിക്കുന്ന നിലയിലായിരുന്നുവെന്ന് ജഡ്ജി ആൻ ബാർനെറ്റ് നിരീക്ഷിച്ചു.
കാമുകിയുടെ വീട്ടിൽനിന്ന് മടങ്ങുന്നതിനിടെയാണ് ഫ്രണ്ടിന്റെ കാർ സമിയയെ ഇടിച്ചത്. റോഡിൽ എന്തോ തട്ടിയ ശബ്ദം കേട്ടെങ്കിലും ഒരാളെ ഇടിച്ചുവെന്ന് ആദ്യം മനസിലായില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കാറിന് നാശനഷ്ടങ്ങൾ കുറവായിരുന്നതിനാൽ മൃഗത്തെയോ മറ്റെന്തെങ്കിലുമോ ആയിരിക്കാം ഇടിച്ചതെന്ന് കരുതിയെന്നും പ്രതിഭാഗം അഭിഭാഷക ജെയ്ൻ ആബി കെസി വിശദീകരിച്ചു. അപകടത്തിന് മുമ്പ് മറ്റ് വാഹനയാത്രക്കാർ സമിയയെ വെട്ടിച്ചുമാറിയിരുന്നതായി പ്രോസിക്യൂട്ടർ ഫ്രാങ്ക് നീമാൻ ചൂണ്ടിക്കാട്ടി.
റിയർവ്യൂ മിറർ പരിശോധിച്ചെങ്കിലും സമിയയെ കണ്ടില്ലെന്നും അഭിഭാഷക കോടതിയിൽ പറഞ്ഞു. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരുന്നില്ല ഫ്രണ്ട്. അമിതവേഗത്തിലും വാഹനമോടിച്ചിരുന്നില്ലെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്.
സമിയയുടെ മരണത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ഫ്രണ്ടിന് മനസിലായതെന്നും തുടർന്ന് കടുത്ത മാനസികാഘാതത്തിലായെന്നും പ്രതിഭാഗം വാദിച്ചു. അപകടം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് പൊലീസ് ഫ്രണ്ടിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. സമിയയുടെ കുടുംബത്തോട് പ്രതി ക്ഷമാപണം നടത്തി. തന്റെ പ്രവൃത്തിയുടെ ഉത്തരവാദിത്വം പൂർണമായും ഏറ്റെടുക്കുന്നുവെന്നും ജീവിതകാലം മുഴുവൻ ഈ വീഴ്ചയുടെ ഭാരം പേറേണ്ടിവരുമെന്നും ഫ്രണ്ട് പറഞ്ഞു.