ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ കൃത്യതയേറിയ ആക്രമണശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 450 നാഗാസ്ത്ര ഡ്രോണുകൾ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. ഒരു നിർമാതാവിൽനിന്ന് ഒറ്റയടിക്ക് ഇത്രയധികം ‘കാമികാസെ’ ഡ്രോണുകൾ സൈന്യത്തിന് ലഭിക്കുന്നത് ഇതാദ്യമാണെന്നാണ് റിപ്പോർട്ട്. അടിയന്തര സംഭരണ കരാറിന്റെ ഭാഗമായി ആദ്യ ബാച്ച് മഹാരാഷ്ട്രയിലെ പുൽഗാവ് ആമ്യൂണിഷൻ ഡിപ്പോയിലെത്തി.
ലക്ഷ്യത്തിലെത്തിയാൽ പോർമുന ഉപയോഗിച്ച് ആക്രമണം നടത്തുന്നതാണ് ഇവയുടെ പ്രവർത്തനരീതി. ജിപിഎസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഡ്രോണിന് രണ്ട് മീറ്റർ വരെ കൃത്യതയോടെ ലക്ഷ്യത്തിലെത്താനാകും. ഓപ്പറേറ്ററുടെ നിയന്ത്രണത്തിൽ 15 കിലോമീറ്ററും സ്വയം നിയന്ത്രിത സംവിധാനത്തിൽ 30 കിലോമീറ്ററും ദൂരപരിധിയുണ്ട്. 30 മിനിറ്റ് വരെ പറക്കാനും സാധിക്കും. ഓപ്പറേഷൻ സിന്ദൂറിൽ നാഗാസ്ത്ര ഡ്രോണുകൾ സൈന്യം ഉപയോഗിച്ചിരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ കുറഞ്ഞ ശബ്ദത്തിൽ സഞ്ചരിക്കാൻ കഴിയുന്നതാണ് ഡ്രോണിന്റെ പ്രധാന സവിശേഷത. പകലും രാത്രിയും നിരീക്ഷണം നടത്താനുള്ള ക്യാമറകൾക്കൊപ്പം ഒരു കിലോഗ്രാം ഭാരമുള്ള സ്ഫോടകവാർഹെഡും ഇതിലുണ്ട്. ദൗത്യം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാൽ പാരച്യൂട്ട് സംവിധാനം ഉപയോഗിച്ച് തിരിച്ചിറക്കാനും ഡ്രോൺ വീണ്ടും ഉപയോഗിക്കാനും കഴിയും.
നാഗ്പൂർ ആസ്ഥാനമായുള്ള സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡാണ് ഡ്രോണുകൾ നിർമിക്കുന്നത്. നേരത്തേ ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനിയാണിത്. പാകിസ്താനുമായുള്ള സംഘർഷത്തിന് പിന്നാലെ സായുധസേനയ്ക്ക് അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങൾ ഉപയോഗിച്ച് 2025 ജൂണിലാണ് 158 കോടി രൂപയുടെ കരാർ നൽകിയത്.
75 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങളാണ് സംവിധാനത്തിലുള്ളത്. ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷൻ, ആശയവിനിമയ സംവിധാനം, പേലോഡ്, ലോഞ്ചർ എന്നിവയുൾപ്പെടെ 30 കിലോഗ്രാം ഭാരമുള്ള സംവിധാനം രണ്ട് ബാഗുകളിലായി കൊണ്ടുപോകാം.
അതിർത്തിയിലെ ശത്രു നീക്കങ്ങൾക്കെതിരെയും ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലും സൈന്യത്തിന്റെ ശേഷി വർധിപ്പിക്കാൻ നാഗാസ്ത്ര-1R സഹായകമാകുമെന്നാണ് വിലയിരുത്തൽ. കൃത്യമായ ആക്രമണശേഷിയും കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിക്കാനുള്ള കഴിവും ഡ്രോണിനെ തന്ത്രപ്രധാനമായ സൈനിക സംവിധാനമാക്കി മാറ്റുന്നു.















