കോഴിക്കോട്: മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരെ ഇനി പൊലീസ് ലോക്കപ്പുകളിലോ ജയിലുകളിലോ പാർപ്പിക്കാൻ പാടില്ല. ഇവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോളിലാണ് (എസ്ഒപി) നിർണായക നിർദേശങ്ങളുള്ളത്. മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കും സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്തവർക്കും ശിക്ഷയല്ല, ചികിത്സയും സുരക്ഷയുമാണ് ഉറപ്പാക്കേണ്ടതെന്ന് മാർഗനിർദേശം വ്യക്തമാക്കുന്നു.
മാനസികാരോഗ്യ നിയമം 2017ലെ സെക്ഷൻ 100 പ്രകാരമാണ് പുതിയ മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് നേരെയുണ്ടാകുന്ന അവഗണന, ചൂഷണം, അക്രമം, ഭവനരാഹിത്യം എന്നിവ തടയുകയും അവരെ എത്രയും വേഗം ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങളിലെത്തിക്കുകയും ചെയ്യുകയാണ് പ്രോട്ടോക്കോളിന്റെ ലക്ഷ്യം.
സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്ത ആലോചനകളുടെ അടിസ്ഥാനത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്. ജില്ലാതലത്തിൽ ജില്ലാ ജഡ്ജി അധ്യക്ഷനായ കോ-ഓർഡിനേഷൻ കമ്മിറ്റികൾ പ്രോട്ടോക്കോൾ നടപ്പാക്കുന്നത് നിരീക്ഷിക്കും.
24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം
പൊലീസ് സംരക്ഷണത്തിൽ എടുക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളെ എത്രയും വേഗം അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലെത്തിക്കണം. അടിയന്തര സാഹചര്യമല്ലെങ്കിൽ പോലും 24 മണിക്കൂറിനുള്ളിൽ ഇവരെ ആരോഗ്യപരിചരണത്തിനായി മാറ്റണമെന്നാണ് നിർദേശം.
അലഞ്ഞുതിരിഞ്ഞു നടക്കുന്നവരോ ഭവനരഹിതരോ ആയ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള വ്യക്തികളെ കണ്ടെത്തിയാൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിർബന്ധമായും മിസിങ് പേഴ്സൺ എഫ്ഐആർ രജിസ്റ്റർ ചെയ്യണം. ഇവരുടെ കുടുംബാംഗങ്ങളെ കണ്ടെത്തുന്നതിനുള്ള നടപടികളും സ്വീകരിക്കണം.
വൈദ്യസഹായം ലഭിക്കുന്നതുവരെ താൽക്കാലികമായി സുരക്ഷിതമായി പാർപ്പിക്കാൻ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സേഫ് റൂമുകൾ സജ്ജീകരിക്കണമെന്നും പുതിയ എസ്ഒപി നിർദേശിക്കുന്നു. വ്യക്തികളെ തെരുവിലോ ആശുപത്രിയിലോ ഉപേക്ഷിക്കാനും പാടില്ല.
കയറും ചങ്ങലയും ഉപയോഗിച്ച് നിയന്ത്രിക്കരുത്
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ സംരക്ഷണത്തിൽ എടുക്കുമ്പോൾ കയർ, ചങ്ങല, കമ്പി, ബെൽറ്റ് എന്നിവ ഉപയോഗിക്കരുതെന്ന് പ്രോട്ടോക്കോൾ വ്യക്തമാക്കുന്നു. കഴുത്തിലോ നെഞ്ചിലോ വയറിലോ ബലപ്രയോഗം നടത്താനും പാടില്ല.
വ്യക്തിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ഓഫീസർ കണ്ടെത്തിയാൽ മാനസികാരോഗ്യ നിയമത്തിലെ സെക്ഷൻ 100(6) പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കണം. ചികിത്സയ്ക്കും തുടർപരിചരണത്തിനുമാണ് മുൻഗണന നൽകേണ്ടത്.
പരാതി നൽകാം; പൊലീസിന്റെ ഉത്തരവാദിത്വം തുടരും
നിയമവിരുദ്ധ തടങ്കൽ, അമിതമായ ബലപ്രയോഗം, ചികിത്സ വൈകിപ്പിക്കൽ തുടങ്ങിയവ സംബന്ധിച്ച പരാതികൾ ജില്ലാതല മേൽനോട്ട സമിതിക്ക് മുന്നിൽ സമർപ്പിക്കാം. കേരളത്തിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും യൂണിറ്റുകൾക്കും പുതിയ പ്രോട്ടോക്കോൾ ബാധകമാണ്. പൊലീസ് സ്റ്റേഷനുകൾ, പട്രോളിങ് ഉദ്യോഗസ്ഥർ, ട്രാഫിക് പൊലീസ്, റെയിൽവേ പൊലീസ്, വനിതാ പൊലീസ് യൂണിറ്റുകൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും.
മിസിങ് പേഴ്സൺ എഫ്ഐആർ രജിസ്റ്റർ ചെയ്തതുകൊണ്ടോ വ്യക്തിയെ ആശുപത്രിയിലെത്തിച്ചതുകൊണ്ടോ പൊലീസിന്റെ ഉത്തരവാദിത്വം അവസാനിക്കില്ല. വ്യക്തി സുരക്ഷിതമായി കുടുംബത്തിലേക്ക് മടങ്ങുകയോ നിയമപരമായ പരിചരണ സംവിധാനത്തിലെത്തുകയോ ചെയ്യുന്നതുവരെ കേസ് തുടർനടപടികളോടെ മുന്നോട്ടുകൊണ്ടുപോകണം.
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ അവഗണനയിൽനിന്നും ചൂഷണത്തിൽനിന്നും അക്രമത്തിൽനിന്നും സംരക്ഷിച്ച് അർഹമായ ചികിത്സയും പരിചരണവും ഉറപ്പാക്കുകയാണ് പുതിയ എസ്ഒപിയുടെ ലക്ഷ്യം.















