വാഷിങ്ടൺ: അമേരിക്കയിലെ ഇല്ലിനോയിസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. ഇന്ത്യൻ വംശജരടക്കമുള്ളവരെ ലക്ഷ്യമിട്ട് വംശീയ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ അലക്സാൻഡ്രോസ് പാപൊറാകിസ് (Alexandros Paporakis) ആണ് പിടിയിലായത്. പ്രതിയുടെ തോക്ക് പ്രവർത്തിക്കാതിരുന്നതും സഹപ്രവർത്തകൻ പോലീസിനെ വിവരമറിയിച്ചതുമാണ് ആക്രമണ പദ്ധതി പൊളിയാൻ കാരണം.
ഇല്ലിനോയിസിലെ പാലറ്റൈൻ സ്വദേശിയായ പാപൊറാകിസ് ഫാസ്റ്റ് ഫുഡ് ശൃംഖലയിൽ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു. ഭീകരാക്രമണ ഭീഷണി മുഴക്കിയതിനും നിയമവിരുദ്ധമായി ആയുധം കൈവശംവെച്ചതിനുമാണ് ഇയാൾക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
ലക്ഷ്യം ഹിന്ദു ക്ഷേത്രം; തോക്ക് പ്രവർത്തിച്ചില്ല
ചിക്കാഗോയ്ക്ക് സമീപമുള്ള അറോറയിലെ ഹിന്ദു ആരാധനാലയത്തിന് നേരെ ആക്രമണം നടത്താനായിരുന്നു പ്രതിയുടെ പദ്ധതിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. എന്നാൽ ലക്ഷ്യമിട്ട ക്ഷേത്രം ഏതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അറോറയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രമാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് എന്നാണ് റിപ്പോർട്ടുകൾ
ഒക്ടോബർ 11-ന് ആക്രമണം നടത്താൻ പ്രതി പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഏകദേശം 300 റൗണ്ട് വെടിയുണ്ടകളും തോക്കും ബോഡി ആർമറും ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായി പ്രതി ക്ഷേത്രപരിസരത്ത് എത്തിയെന്നാണ് കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചത്. വെടിയുതിർക്കാൻ ശ്രമിച്ചപ്പോൾ തോക്ക് പ്രവർത്തിക്കാതെ വന്നതോടെ ഇയാൾ മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം തോക്കിന്റെ തകരാർ പരിഹരിക്കാനുള്ള മാർഗങ്ങൾ പ്രതി ഓൺലൈനിൽ തിരഞ്ഞതായും സഹപ്രവർത്തകനുമായി ബന്ധപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
താൻ വെള്ളക്കാരുടെ വംശീയ മേധാവിത്വത്തിൽ വിശ്വസിക്കുന്നയാളാണെന്ന് പ്രതി തുറന്നുപറഞ്ഞിരുന്നതായി സഹപ്രവർത്തകർ പോലീസിന് മൊഴി നൽകി. ഇന്ത്യൻ ജനതയെ കൊല്ലാൻ കാത്തിരിക്കാനാവില്ലെന്ന് ഇയാൾ പറഞ്ഞതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
‘Why I Fought: A.K.A. (Aurora Shooter’s Manifesto)’ എന്ന പേരിൽ എട്ട് പേജുള്ള രേഖ പ്രതി സഹപ്രവർത്തകന് അയച്ചിരുന്നുവെന്നാണ് കേസ് രേഖകൾ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ഇന്ത്യക്കാർ, ജൂതർ, ആഫ്രിക്കൻ അമേരിക്കക്കാർ എന്നിവരെ അപമാനിക്കുന്ന വംശീയ പരാമർശങ്ങളും ഇവരെ കൂട്ടത്തോടെ കൊല്ലാനുള്ള പദ്ധതിയും രേഖയിലുണ്ടായിരുന്നു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീരിയൽ നമ്പറില്ലാത്ത എആർ മാതൃകയിലുള്ള തോക്ക്, നിറച്ച മാഗസിനുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, ബോഡി ആർമർ, വംശീയ അധിക്ഷേപം രേഖപ്പെടുത്തിയ വസ്തുക്കൾ, നാസി ചിഹ്നങ്ങളുള്ള സാധനങ്ങൾ എന്നിവ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.