‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി പരിസരത്തെ കോണ്‍ഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. രാഹുല്‍ ഗാന്ധി ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകമായി മാറിയെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ ബഹുമാനിക്കണമെന്നും പ്രതിഷേധത്തിനുള്ള അവകാശം ഭരണഘടനയുടെ അതിരുകള്‍ ലംഘിക്കാനുള്ള അനുമതിയല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ മാര്‍ച്ചും തിങ്കളാഴ്ച കോടതി പരിസരത്ത് നടന്ന പ്രതിഷേധവും സംബന്ധിച്ച് സുപ്രീംകോടതി ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.

‘നീതിന്യായ വ്യവസ്ഥയെ ആര്‍ക്കും സമ്മര്‍ദത്തിലാക്കാനാകില്ല’ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമര്‍ശം. ഹര്‍ജികളില്‍ കോടതി നോട്ടീസ് അയച്ചെങ്കിലും രാഷ്‌ട്രീയ നേതാക്കളുടെ പെരുമാറ്റത്തെ അംഗീകരിക്കുന്നതല്ല അതെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ, രാഹുല്‍ ഗാന്ധി പക്വതയില്ലാത്തതും ഉത്തരവാദിത്വമില്ലാത്തതും ഭരണഘടനയെക്കുറിച്ച് അറിവില്ലാത്തതുമായ നേതാവാണെന്ന് ഭാട്ടിയ വിമര്‍ശിച്ചു. സുപ്രീംകോടതിയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചപ്പോള്‍ മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ താനും ഹാജരായിരുന്നുവെന്നും അവിടെ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച് ചില വസ്തുതകള്‍ പങ്കുവെക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കാനുള്ള അവകാശം മൗലികാവകാശമാണെങ്കിലും അത് ദുരുപയോഗം ചെയ്യാന്‍ കഴിയില്ലെനും അദ്ദേഹം പറഞ്ഞു. പൊതുസ്ഥലങ്ങളിലോ റോഡുകളിലോ കോടതികളുടെ പരിസരത്തോ മുദ്രാവാക്യം വിളിക്കാനും ക്രമസമാധാനം ലംഘിക്കാനും ഈ അവകാശം അനുമതി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ പരിധികള്‍ മനസ്സിലാക്കണമെന്നും ഭാട്ടിയ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയും ഹൈക്കോടതിയും നീതി നടപ്പാക്കുന്ന സ്ഥാപനങ്ങളാണെന്നും അവയെ രാഷ്‌ട്രീയ പ്രതിഷേധങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റരുതെന്നും ബിജെപി വക്താവ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ ലക്ഷ്യമിട്ട് ജനക്കൂട്ടം ഒത്തുകൂടുന്ന സാഹചര്യം ഉണ്ടാകരുത്. ഇന്ത്യയിലെ നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അതിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കോണ്‍ഗ്രസിന്റെ കേരള ഘടകത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലെ ഒരു പോസ്റ്റും ഭാട്ടിയ വിമര്‍ശനത്തിനിടെ പരാമര്‍ശിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അധികാര വിഭജന തത്വപ്രകാരം നിയമനിര്‍മാണ വിഭാഗവും ഭരണനിര്‍വഹണ വിഭാഗവും നീതിന്യായ വിഭാഗവും സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഭാട്ടിയ ആരോപിച്ചു. സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംബന്ധിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെയും ബിജെപി വക്താവ് ചോദ്യം ചെയ്തു. ‘പുരുഷാധിപത്യം തകര്‍ക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന കോണ്‍ഗ്രസ്, രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റത്തിന്റെ കാര്യത്തില്‍ അതേ നിലപാട് പാലിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള പാര്‍ട്ടിയുടെ പ്രഖ്യാപനങ്ങളും നേതാക്കളുടെ പെരുമാറ്റവും തമ്മില്‍ പൊരുത്തമുണ്ടാകണമെന്നും ഭാട്ടിയ വിമര്‍ശിച്ചു.

Share