പാലാ: കെഎസ്ആര്ടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് പോളിടെക്നിക് വിദ്യാര്ഥി മരിച്ചു. മുണ്ടക്കയം കൊക്കയാര് കമലഭവനില് കൃഷ്ണന്റെ മകന് കെ. ശിവ (24) ആണ് മരിച്ചത്. തൊടുപുഴ അല് അസര് കോളജിലെ വിദ്യാര്ഥിയായിരുന്നു. ഈരാറ്റുപേട്ട-തൊടുപുഴ റോഡില് കളത്തൂക്കടവ് വലിയമംഗലം തടിമില്ലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരീക്ഷയ്ക്കായി കോളജിലേക്ക് പോകുന്നതിനിടെ ശിവ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന കെഎസ്ആര്ടിസി ബസില് ഇടിക്കുകയായിരുന്നു. റോഡിലെ വെള്ളവരയില് ബൈക്ക് തെന്നിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തൃശൂരില്നിന്ന് അടൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്ടിസി ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില് റോഡിലേക്ക് തെറിച്ചുവീണ ശിവയുടെ തലയിലൂടെ ബസ് കയറിയിറങ്ങിയെന്നാണ് റിപ്പോര്ട്ട്. തുടര്ന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡിലെ രക്തം കഴുകിനീക്കി. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി തുടര്നടപടികള് സ്വീകരിച്ചു. മൃതദേഹം പാലാ ജനറല് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: കര്ത്തമ്മ. സഹോദരങ്ങള്: ജീവ, ജ്യോതി, ശക്തി. സംസ്കാരം പിന്നീട്.















