ന്യൂഡൽഹി: തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും സ്റ്റാർച്ച് പൊടിയും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ ടൊമാറ്റോ കെച്ചപ്പ്!! ഗുജറാത്തിലെ അഹമ്മദാബാദിലുള്ള പിരാന മേഖലയിലെ ‘ടേസ്റ്റി സോസ്’ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് അനുയോജ്യമല്ലാത്ത 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ ഭക്ഷ്യസുരക്ഷാ വിഭാഗമാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫാക്ടറിയിൽ സോസ് നിർമിച്ചിരുന്നതെന്ന് അധികൃതർ കണ്ടെത്തി. ഉൽപ്പന്നങ്ങളിൽ തക്കാളിയുടെ അംശം പോലുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
തക്കാളിക്ക് പകരം ഉരുളക്കിഴങ്ങ് പേസ്റ്റും രാസവസ്തുക്കളും
ഉരുളക്കിഴങ്ങ് പേസ്റ്റ്, സ്റ്റാർച്ച് പൊടി, അസറ്റിക് ആസിഡ്, ചുവപ്പ് നിറം നൽകുന്ന രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് വ്യാജ കെച്ചപ്പ് നിർമിച്ചിരുന്നത്. സോസിന് കട്ടിയും അളവും കൂട്ടാനും പുളിരുചി നൽകാനും തക്കാളിയുടേതിന് സമാനമായ ചുവപ്പ് നിറം സൃഷ്ടിക്കാനുമാണ് ഇവ ഉപയോഗിച്ചിരുന്നത്.
പാക്ക് ചെയ്ത കെച്ചപ്പ് പൗച്ചുകളും കണ്ടെയ്നറുകളും നിർമാണത്തിനുപയോഗിച്ച അസംസ്കൃത വസ്തുക്കളും ഉൾപ്പെടെ 2,000 കിലോ ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഇവയുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.
അഹമ്മദാബാദിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന തെരുവോര ഭക്ഷണവിൽപ്പനക്കാർക്കും ചെറുകിട ഭക്ഷണശാലകൾക്കും കുറഞ്ഞ വിലയ്ക്ക് ഈ സോസ് വിതരണം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാനിപൂരി, സാൻഡ്വിച്ച്, ബർഗർ, നൂഡിൽസ്, മഞ്ചൂരിയൻ തുടങ്ങിയ വിഭവങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.















