കണ്ണൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന മാഹി സ്വദേശി വിധു കൃഷ്ണ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.
മാഹിയിലെ ഷൂട്ട് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അനൂപ് അപകടത്തിൽപ്പെട്ടത്. അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച സ്കൂട്ടറിൽ നടാൽ ദേശീയപാതയിൽ വെച്ച് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അനൂപിന് സംഭവസ്ഥലത്ത് വച്ച് തന്നെ ജീവൻ നഷ്ടമായി
അപകടത്തിൽ അനൂപിന്റെ സുഹൃത്ത് ഷബീറിനും സാരമായി പരിക്കേറ്റു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷബീർ. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനൂപ് സാമൂഹിക പ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധ നേടിയത്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും അനുയായികളെയും ദുഃഖത്തിലാഴ്ത്തി. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുകയാണ്.