ആലുവ: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില് നടത്തിയ പരിശോധനയില് എംഡിഎംഎയും ഹെറോയിനും കഞ്ചാവും പിടികൂടി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില് നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദര്ശന്റെ നേതൃത്വത്തില് ശനിയാഴ്ച പുലര്ച്ചെ ആരംഭിച്ച പരിശോധന രാത്രിയിലും തുടര്ന്നു. ഇതിന്റെ ഭാഗമായി വാഹന പരിശോധനയും നടത്തി. ചെങ്ങമനാട് പറമ്പയം ഭാഗത്ത് പാര്ക്ക് ചെയ്തിരുന്ന കാറില് നിന്നാണ് 1.96 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ ചെങ്ങമനാട് പൊലീസ് പിടികൂടിയത്. കരുമാലൂര് തടിക്കടവ് കൂട്ടുങ്ങപ്പറമ്പില് വീട്ടില് ഇബ്രാഹിം (37), കരുമാലൂര് വല്യപ്പന്പടി മേപ്പന വീട്ടില് ബിനു ആന്റണി (37) എന്നിവരാണ് അറസ്റ്റിലായത്.
വില്പ്പനയ്ക്കായി സിപ്പ് കവറുകളില് സൂക്ഷിച്ചിരുന്ന ലഹരിമരുന്ന് പാന്റ്സിന്റെ പോക്കറ്റില് ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ഞാറയ്ക്കല് കാളമുക്ക് ഭാഗത്ത് ഓട്ടോറിക്ഷയില് യാത്രക്കാരനായി സഞ്ചരിച്ചിരുന്ന നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങല് വീട്ടില് അഥീന് (25) ആണ് പിടിയിലായത്. ഇയാളുടെ ബാഗില് രണ്ട് സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന 3.450 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. ബിനാനിപുരം പൊലീസ് എടയാറില് നടത്തിയ പരിശോധനയില് മൂന്ന് ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. എടയാര് ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34), എരമം കേളന്റെ പറമ്പില് അബ്ദുല് മുഹാദ് (34) എന്നിവരാണ് പിടിയിലായത്.
മുഹമ്മദ് സാലിഖിന്റെ എടയാറിലെ വീട്ടില് അലമാരയില് പ്രത്യേക കവറില് പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. അബ്ദുല് മുഹാദാണ് മുഹമ്മദ് സാലിഖിന് ലഹരിമരുന്ന് നല്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്. ഹെറോയിനുമായി അസം നൗഗോണ് സ്വദേശി സദ്ദാം ഹുസൈനെ (25) കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാള് താമസിക്കുന്ന വീട്ടില് നിന്നാണ് സോപ്പുപെട്ടി നിറയെ ഹെറോയിന് കണ്ടെത്തിയത്. പെരുമ്പാവൂരില് 4.5 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി. അയ്യമ്പുഴ പോസ്റ്റോഫീസ് ജംഗ്ഷന് സമീപത്തെ ആള്ത്താമസമില്ലാത്ത വീടിന്റെ വളപ്പില് നിന്ന് മൂന്ന് കഞ്ചാവ് ചെടികളും കണ്ടെത്തി. പരിശോധനയുമായി ബന്ധപ്പെട്ട് നിരവധിപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ജില്ലയുടെ വിവിധ ഭാഗങ്ങളില് ലഹരിമരുന്ന് ഉപയോഗവും വില്പ്പനയും തടയുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധന തുടരുകയാണ്.