പത്തനംതിട്ട: ഭഗവാനെ സേവിക്കാനുള്ള അനുഗ്രഹം ലഭിച്ചതില് വലിയ സന്തോഷമുണ്ടെന്നും ഇത് ഭഗവാന്റെ അനുഗ്രഹത്താല് ലഭിച്ച നിയോഗമാണെന്നും നിയുക്ത ശബരിമല മേല്ശാന്തി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി. മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നും പഴവങ്ങാടി ഗണപതി ഭഗവാന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ തന്നെ അയ്യപ്പനെ ദര്ശിക്കാനായി പോകുമെന്നും സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി വ്യക്തമാക്കി.
സാമ്പത്തിക താല്പര്യങ്ങള്ക്കുവേണ്ടി പ്രവര്ത്തിക്കില്ലെന്നും ജീവിക്കാനുള്ളതെല്ലാം ഭഗവാന് നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭഗവാനെ സേവിക്കാനുള്ള അവസരം വലിയ പുണ്യമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ‘അയ്യപ്പഭക്തരോട് എനിക്ക് ഒരു വാക്ക് പറയാനുണ്ട്. ഞാന് എപ്പോഴും സത്യസന്ധനായിരിക്കും. എന്റെ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള സ്വഭാവദൂഷ്യവും സാമ്പത്തിക താല്പര്യങ്ങളും ഉണ്ടാകില്ല. എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന് തന്നിട്ടുണ്ട്. ഇതൊരു വലിയ അവസരമായാണ് കാണുന്നത്,’ അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ ശബരിമല മേല്ശാന്തിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് വര്ഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയായി പ്രവര്ത്തിച്ചുവരികയാണ് അദ്ദേഹം. ശബരിമല മേല്ശാന്തി സ്ഥാനത്തേക്ക് നേരത്തേ അഞ്ചുതവണ അപേക്ഷിച്ചിരുന്നു. ഇതില് മൂന്ന് തവണ ചുരുക്കപ്പട്ടികയില് ഇടംനേടിയെങ്കിലും നറുക്കെടുപ്പില് അവസരം ലഭിച്ചിരുന്നില്ല. മാളികപ്പുറം മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരന് നമ്പൂതിരിയും സന്തോഷം പങ്കുവെച്ചു. ഗുരുനാഥന്റെ അനുഗ്രഹവും സജ്ജനങ്ങളുടെ പ്രാര്ഥനയും സഹപ്രവര്ത്തകരുടെ പ്രോത്സാഹനവുമാണ് ഈ ഭഗവല്പ്രസാദത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പന്തളം കൊട്ടാരത്തിലെ കുട്ടികളായ ദേവനന്ദന് അര്ജുനും അനശ്വര എം. രഞ്ജിത്തുമാണ് നറുക്കെടുപ്പ് നടത്തിയത്. ശബരിമല മേല്ശാന്തിയെ ദേവനന്ദനും മാളികപ്പുറം മേല്ശാന്തിയെ അനശ്വരയുമാണ് നറുക്കെടുത്തത്. പന്തളം കൊട്ടാരത്തിലെ രാമവര്മ രാജയാണ് നറുക്കെടുപ്പിനായി കുട്ടികളെ ചുമതലപ്പെടുത്തിയത്. സുപ്രീംകോടതിയുടെ 2011ലെ ഉത്തരവിന്റെയും വിരമിച്ച ജസ്റ്റിസ് കെ.ടി. തോമസിന്റെ റിപ്പോര്ട്ടിന്റെയും അടിസ്ഥാനത്തിലാണ് നറുക്കെടുപ്പിനായി കുട്ടികളെ നിയോഗിച്ചത്.