കോട്ടയം: വൈക്കത്ത് ചുമതലയേറ്റ് ഒന്നര മാസം തികയുംമുമ്പ് 2.28 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്. യുപിഐ ഇടപാടുകളിലൂടെ പണം കൈപ്പറ്റിയെന്നും മറ്റൊരാളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടും എടിഎം കാര്‍ഡും ഇതിനായി ഉപയോഗിച്ചെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. സെപ്റ്റംബര്‍ ആദ്യവാരമാണ് ഷമീര്‍ഖാന്‍ വൈക്കം സിഐയായി ചുമതലയേറ്റത്. തുടര്‍ന്ന് 45 ദിവസത്തിനിടെ 2,28,000 രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്റ്റേഷനിലെത്തുന്ന പരാതിക്കാരില്‍നിന്നും മണ്ണുമാഫിയ സംഘങ്ങളില്‍നിന്നും മറ്റ് അനധികൃത ഇടപാടുകാരില്‍നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കൈക്കൂലി പണം കൈപ്പറ്റാന്‍ പ്രത്യേക രീതിയാണ് സിഐ സ്വീകരിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ചുമതലയേറ്റ മാസത്തിലെ അഞ്ചാം തീയതി വൈക്കത്തെ കോഴിഫാമില്‍ ജോലി ചെയ്യുന്ന അസം സ്വദേശി ജോഗത് ജൊഗോയിയെക്കൊണ്ട് ആധാറും പാന്‍ കാര്‍ഡും ഉപയോഗിച്ച് വൈക്കം കാനറ ബാങ്കില്‍ അക്കൗണ്ട് തുറപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. വൈക്കം സ്വദേശിയായ അരുണിന്റെ ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്പറും ഉപയോഗിച്ച് എടിഎം കാര്‍ഡ് കൈക്കലാക്കിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിനായി മറ്റൊരു ഫോണില്‍ ഗൂഗിള്‍ പേ സംവിധാനവും ഒരുക്കിയിരുന്നു. ഈ അക്കൗണ്ടിലേക്കാണ് കൈക്കൂലി തുക കൈമാറിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അക്കൗണ്ടിലേക്ക് പണം എത്തിയാല്‍ ഉടന്‍ ബൈക്കില്‍ ഹെല്‍മറ്റും മാസ്‌കും ധരിച്ച് എടിഎമ്മിലെത്തി പണം പിന്‍വലിക്കുകയായിരുന്നു സിഐയുടെ രീതിയെന്നാണ് വിജിലന്‍സ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. കഴിഞ്ഞ 16-ാം തീയതി വെള്ളിയാഴ്ച ഉച്ചയോടെ വിജിലന്‍സ് സംഘം വൈക്കം സിഐ ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
പരിശോധനയില്‍ ഷമീര്‍ഖാന്റെ പക്കല്‍നിന്ന് എടിഎം കാര്‍ഡും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ന്നാണ് വിജിലന്‍സ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷമീര്‍ഖാനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ തുടര്‍നടപടികള്‍ പുരോഗമിക്കുകയാണ്.















