കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് തട്ടിക്കയറി അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റിൽ. വെസ്റ്റ്ഹിൽ സ്വദേശി അർജുൻ (36) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ‘നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’ എന്ന യുവാവിന്റെ ചോദ്യം ഉൾപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം ശ്രദ്ധ നേടിയത്.
ബുധനാഴ്ച രാത്രിയാണ് ബീച്ച് ആശുപത്രിയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബൈക്കിൽനിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് രണ്ടുപേർ ചികിത്സയ്‌ക്കെത്തിയിരുന്നു. ഇവരിൽ ഒരാളെ വിദഗ്ധ ചികിത്സയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു.
എന്നാൽ പരിക്കേറ്റയാളുടെ സുഹൃത്തായ അർജുൻ ആശുപത്രി അധികൃതരുമായി തർക്കത്തിലേർപ്പെട്ടു. മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെ എതിർത്ത ഇയാൾ ഡോക്ടറോട് കയർത്ത് സംസാരിക്കുകയും ആശുപത്രിയിൽ ബഹളം വയ്‌ക്കുകയും ചെയ്തെന്നാണ് പരാതി.
ശബ്ദം കേട്ടെത്തിയ ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിഷ്ണു എന്ന പോലീസുകാരൻ അർജുനെ നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ പോലീസുകാരനോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് ആരോപണം.
പോലീസുകാരന്റെ പരാതിയിൽ കേസെടുത്ത വെള്ളയിൽ പൊലീസ് അർജുനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.















