തിരുവനന്തപുരം: ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേർത്തു. ആഭ്യന്തരവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി.
കേസിൽ മൂന്നാം പ്രതിയായാണ് അബ്ദുറഹിമാനെ ഉൾപ്പെടുത്തിയിരിക്കുന്നത്. മന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ നേരത്തെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനും കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനും ഒന്നും രണ്ടും പ്രതികളായിരുന്നു.
സ്വകാര്യ കമ്പനിക്ക് അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. സ്പോൺസർഷിപ്പ് അനുവദിച്ചതിലും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചതിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിനായി സ്പോൺസർഷിപ്പ് കരാർ ഉറപ്പിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്വകാര്യ കമ്പനിക്ക് കൈമാറിയതിലും അന്വേഷണ സംഘം ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ജിഎസ്ടി ഇടപാടുകളിലും കോടികളുടെ ക്രമക്കേട് സ്ഥിരീകരിച്ചിട്ടുണ്ട്.
അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരമാണ് അന്വേഷണം. ഗവർണർ ഓം പ്രകാശ് മാത്തൂർ നേരത്തെ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നു. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലുകൾക്കും നടപടികൾക്കും അന്വേഷണ സംഘം ഒരുങ്ങുകയാണ്.















