ചെന്നൈ: പാറ്റ പാർട്ടി വക്താവ് സൗരവ് ദാസിന്റെ പാസ്പോർട്ടിൽ ജന്മസ്ഥലം സംബന്ധിച്ച് പൊരുത്തക്കേട് കണ്ടെത്തിയതിനെ തുടർന്ന് പാസ്പോർട്ട് പിടിച്ചെടുക്കുന്നതിനുള്ള നടപടികളുമായി ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ്. അതിന്റെ മുന്നോടിയായി വിശദീകരണം ആവശ്യപ്പെട്ട് നവംബർ 23ന് സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. മറുപടി നൽകുന്നതുവരെ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യരുതെന്ന കർശന നിർദ്ദേശമുണ്ട്.
2019 ഓഗസ്റ്റ് 21നാണ് ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് സൗരവ് ദാസിന് പാസ്പോർട്ട് അനുവദിച്ചത്. അതേസമയം, സൗരവിന്റെ വ്യക്തിത്വവും പൗരത്വവും സംബന്ധിച്ച വിവാദം നിലവിൽ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
സൗരവ് ദാസിന്റെ വ്യക്തിത്വം, കുടുംബപശ്ചാത്തലം, നേപ്പാൾ ബന്ധം എന്നിവ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർ. ഗണേഷ് കുമാറാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഇന്ത്യൻ പൗരനല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞാൽ പാസ്പോർട്ടും ആധാർ കാർഡും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ജന്മസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങൾ മറച്ചുവച്ചാണ് ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ നേടിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
ഒക്ടോബർ 30ന് ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാർ, ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസർ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. ആറാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാനാണ് കോടതി തീരുമാനിച്ചത്.
പാസ്പോർട്ട് അപേക്ഷയിൽ നിർണായക വിവരങ്ങൾ മറച്ചുവയ്ക്കുകയോ വ്യാജരേഖകൾ സമർപ്പിക്കുകയോ ചെയ്താൽ പാസ്പോർട്ട് പിടിച്ചെടുക്കാനോ റദ്ദാക്കാനോ പാസ്പോർട്ട് നിയമപ്രകാരം അധികൃതർക്ക് അധികാരമുണ്ട്.