ഹൈദരാബാദ്: ശരീരമാസകലം സ്വർണം ധരിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിലൂടെ ശ്രദ്ധേയനായ ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ യാദ്ഗിരി ചിന്ന ഗൗഡിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി . ബിനാമി ഇടപാടിലൂടെ സ്വന്തമാക്കിയതെന്ന് സംശയിക്കുന്ന ഹൈദരാബാദിലെ റായ്ദുർഗിലുള്ള അഞ്ച് നില കെട്ടിടം താൽക്കാലികമായി കണ്ടുകെട്ടി.
ചിന്ന ഗൗഡിന്റെ ഭാര്യാസഹോദരനായ യാദ്ഗിരി പ്രണയ് ഗൗഡിന്റെ പേരിലാണ് കെട്ടിടം രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഭൂമി വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമുള്ള പണം നൽകിയത് ചിന്ന ഗൗഡാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. 2019 ജൂലൈയിൽ 26.70 ലക്ഷം രൂപയ്ക്ക് വാങ്ങിയ 222 ചതുരശ്രയടി ഭൂമിയിലാണ് കെട്ടിടം നിർമിച്ചത്. ഭൂമി വാങ്ങുമ്പോൾ താൻ വിദ്യാർഥിയായിരുന്നെന്നും വരുമാനമുണ്ടായിരുന്നില്ലെന്നും പ്രണയ് ഗൗഡ് മൊഴി നൽകിയതായാണ് റിപ്പോർട്ട്. കെട്ടിടത്തിൽനിന്ന് പ്രതിമാസം 3.20 ലക്ഷം രൂപ വാടക ലഭിക്കുന്നുണ്ട്. എന്നാൽ ഈ തുക പ്രണയ് ഗൗഡിന്റെ അക്കൗണ്ടിലല്ല, ചിന്ന ഗൗഡിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് നിക്ഷേപിച്ചിരുന്നത്.
1988ലെ ബിനാമി സ്വത്ത് ഇടപാട് നിരോധന നിയമപ്രകാരം നവംബർ 17നാണ് കെട്ടിടം താൽക്കാലികമായി കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കെട്ടിടം വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഇടപാടുകൾ നടത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാടക വരുമാനത്തിനും നിയന്ത്രണമുണ്ട്.
നേരത്തെയും ചിന്ന ഗൗഡിന്റെ സാമ്പത്തിക ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് വിധേയമായിരുന്നു. ഏപ്രിൽ മൂന്നിന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്ന 900 ഗ്രാം സ്വർണത്തിൽ ഉറവിടം വ്യക്തമാക്കാനാകാത്ത 700 ഗ്രാം പിടിച്ചെടുത്തിരുന്നു. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണിത്. അതേസമയം, വാടക വരുമാനവും ഭൂമി ഇടപാടുകളുമാണ് സ്വർണത്തിന്റെ ഉറവിടമെന്നായിരുന്നു ചിന്ന ഗൗഡിന്റെ വിശദീകരണം. ഇയാളുടെ ആദായനികുതി റിട്ടേണിൽ വാർഷിക വരുമാനം നാല് ലക്ഷം രൂപ മാത്രമാണെന്നും റിപ്പോർട്ടുകളുണ്ട്.