ചെന്നൈ: തിരുപ്പറൻകുന്ദ്രം കാർത്തിക ദീപം തെളിയിക്കാത്ത നടപടിയിൽ മുഖ്യമന്ത്രി വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. സുപ്രീംകോടതി ഉത്തരവ് അവഗണിച്ച ടിവികെ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും അധികാരത്തിന്റെ അഹങ്കാരത്തിൽ കഴിയുന്ന സർക്കാരിന് മുരുകൻ ഉചിതമായ പാഠം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ ഒരു ദിവസത്തേക്ക് മാത്രമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹൈക്കോടതിയും ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കോടതികളുടെ നിർദേശങ്ങൾ മാനിക്കാൻ മുഖ്യമന്ത്രി വിജയ് തയ്യാറായില്ല.
ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമിട്ടാണ് സർക്കാർ ഹിന്ദു വിശ്വാസികളുടെ ആരാധനാവകാശം നിഷേധിച്ചത്. രാഷ്ട്രീയ താൽപര്യങ്ങൾക്കായി മുഖ്യമന്ത്രി കോടതികളെപ്പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാനമായ നിലപാടാണ് നേരത്തെ ഡിഎംകെ സർക്കാരും സ്വീകരിച്ചതെന്നും അതിന്റെ രാഷ്ട്രീയ പ്രത്യാഘാതം അവർക്ക് നേരിടേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. അതേ തെറ്റ് ആവർത്തിച്ച ടിവികെ സർക്കാരും വൈകാതെ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും നൈനാർ നാഗേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.