ന്യൂഡൽഹി: രാജ്യത്തിന്റെ സുരക്ഷാസേനാംഗങ്ങളുടെ ജീവന് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ നിർണായക ചുവടുവെപ്പുമായി ഇന്ത്യ. വെടിയുണ്ടകളെയും സ്ഫോടനങ്ങളെയും മൈൻ ആക്രമണങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച കവചിത സൈനിക വാഹനമാണ് രംഗത്തെത്തിയിരിക്കുന്നത്. 28 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന അത്യാധുനിക ആർമേഡ് ട്രൂപ്പ് ട്രാൻസ്പോർട്ടർ (ATT) അശോക് ലെയ്ലൻഡാണ് രൂപകൽപ്പന ചെയ്ത് ഇന്ത്യയിൽ നിർമ്മിച്ചത്. നവംബർ 18നാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 187.24 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് 124 വാഹനങ്ങൾ നിർമ്മിക്കുന്നത്. ഇതിൽ 109 എണ്ണം സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിനും (CRPF) 15 എണ്ണം ബോർഡർ സെക്യൂരിറ്റി ഫോഴ്സിനും (BSF) ലഭിക്കും. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും തീവ്രവാദ ബാധിത മേഖലകളിലെ സൈനിക നീക്കങ്ങൾക്കും കൂടുതൽ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണമാണ് ഇത്തരമൊരു സുരക്ഷാ സംവിധാനത്തിന്റെ ആവശ്യകതയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. അന്ന് ചാവേർ കാർബോംബ് ആക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സാധാരണ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളിൽ സഞ്ചരിക്കുന്ന സൈനികർ നേരിടുന്ന അപകടസാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കവചിത വാഹനത്തിന്റെ രൂപകൽപ്പന.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ
വെടിയുണ്ടകളിൽനിന്നുള്ള സംരക്ഷണത്തിന് പുറമെ കുഴിബോംബ് സ്ഫോടനം എന്നിവയെയും പ്രതിരോധിക്കാൻ കഴിയുന്ന രീതിയിലാണ് വാഹനത്തിന്റെ നിർമ്മാണം. ടയർ തകരാറിലായാലും വാഹനം മുന്നോട്ടുനീക്കാൻ സഹായിക്കുന്ന റൺ ഫ്ലാറ്റ് ടയർ സംവിധാനവും ഇതിലുണ്ട്. 360 ഡിഗ്രിയിൽ തിരിക്കാൻ കഴിയുന്ന തോക്ക് ഘടിപ്പിച്ച ടററ്റുകൾ, നിരീക്ഷണത്തിനുള്ള പാൻ–ടിൽറ്റ്–സൂം (PTZ) ക്യാമറകൾ, സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനം എന്നിവയും വാഹനത്തിന്റെ പ്രത്യേകതകളാണ്. പ്രതികൂല കാലാവസ്ഥയിലും ദുഷ്കരമായ ഭൂപ്രദേശങ്ങളിലും പ്രവർത്തിക്കാൻ സഹായിക്കുന്ന അത്യാധുനിക എയർ കണ്ടീഷനിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
സൈനികരെ കൊണ്ടുപോകുന്നതിനപ്പുറം മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ യൂണിറ്റായും വാഹനം ഉപയോഗിക്കാനാകും. ആളില്ലാ ഗ്രൗണ്ട് വെഹിക്കിളുകളുമായും (UGV) ഡ്രോണുകളുമായും സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഇതിലൂടെ നിരീക്ഷണവും സൈനിക നീക്കങ്ങളുടെ ഏകോപനവും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും. സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് (CMVR) സർട്ടിഫിക്കേഷനും വാഹനത്തിന് ലഭിച്ചിട്ടുണ്ട്.