തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിൽ ഭരണഘടനയെ അട്ടിമറിക്കാൻ നിരവധി തവണ ശ്രമിച്ചത് കോൺഗ്രസ് പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളെ തുറന്നുകാട്ടുന്നതിനും ഓരോ പൗരനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തിൽ സംവരണം മാറ്റുന്നത് ഭരണഘടനാ തത്വങ്ങൾക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ബിജെപിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന കേവലം ഒരു പുസ്തകമല്ലെന്നും പൗരന്മാരും ഭരണകൂടവും തമ്മിലുള്ള സാമൂഹിക-രാഷ്‌ട്രീയ ഉടമ്പടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയും പൗരാവകാശങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷമാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കാൻ തുടങ്ങിയതെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. 1949ൽ ഭരണഘടനാ ശിൽപികൾ രൂപപ്പെടുത്തിയ ആമുഖത്തിന് വലിയ പ്രാധാന്യമുണ്ട്. എസ്‌സി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. ഭരണഘടനയെ സംരക്ഷിക്കുന്നതും ലംഘിക്കുന്നതും ആരാണെന്ന കാര്യത്തിൽ സമൂഹത്തിലും യുവാക്കൾക്കിടയിലും ഗൗരവമായ ചർച്ചകൾ ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന്റെ ഓർമദിനം കൂടിയായ നവംബർ 26ന് രാജ്യസുരക്ഷയും ജനാധിപത്യവും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നടത്തുന്ന ‘ഫ്രോഡ് രാഷ്‌ട്രീയം’ ഭരണഘടനയ്‌ക്കൊപ്പം നിന്ന് ചെറുക്കണമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഭരണകാലത്തെ ഭരണഘടനാ ഭേദഗതികൾ വിമർശിച്ച് വി. മുരളീധരൻ
മുൻ കോൺഗ്രസ് സർക്കാരുകൾ ഇന്ത്യൻ ഭരണഘടനയുടെ പ്രാധാന്യവും അന്തസ്സത്തയും അവഗണിച്ചെന്ന് ബിജെപി നേതാവും എംഎൽഎയുമായ വി. മുരളീധരൻ പറഞ്ഞു. 2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിച്ചുതുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്നാം ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ശ്രമിച്ചതെന്ന് വി. മുരളീധരൻ കുറ്റപ്പെടുത്തി. ഒമ്പതാം പട്ടികയിലൂടെ ചില നിയമങ്ങളെ ജുഡീഷ്യൽ പരിശോധനയിൽനിന്ന് ഒഴിവാക്കാനും നീക്കമുണ്ടായി. അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 39-ാം ഭരണഘടനാ ഭേദഗതിയിലൂടെ പ്രധാനമന്ത്രിയുടെയും ലോക്സഭാ സ്പീക്കറുടെയും തിരഞ്ഞെടുപ്പ് കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയാത്തവിധം വ്യവസ്ഥകൾ കൊണ്ടുവന്നതും ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക് വിരുദ്ധമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. ശിവൻ മഠത്തിൽ ഭരണഘടനയെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ജില്ലാ പ്രസിഡന്റുമാരായ കരമന ജയൻ, മുക്കംപാലമൂട് ബിജു, റെജി കുമാർ, ഡെപ്യൂട്ടി മേയർ ആശാനാഥ് തുടങ്ങിയവർ പങ്കെടുത്തു. ജെ.ആർ. പത്മകുമാർ സ്വാഗതവും ആർ.സി. ബീന നന്ദിയും പറഞ്ഞു.















