ഇടുക്കി (ചിന്നക്കനാൽ): ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള വനംവകുപ്പിന്റെ രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു . വെളിച്ചക്കുറവും ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചതും കണക്കിലെടുത്ത് ഇന്നത്തെ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചു.
പുലർച്ചെ 7 മണി മുതൽ ഏകദേശം 15 മണിക്കൂറോളം 250-ലധികം അംഗങ്ങളടങ്ങുന്ന ദൗത്യസംഘം ആനയെ നിരീക്ഷിച്ചു വരികയായിരുന്നു വൈകിട്ട് 3 മണിയോടെ ചെമ്പകത്തൊഴുകുടിക്ക് സമീപം ദൗത്യസംഘം ആനയുടെ 50 മീറ്റർ അടുത്തെത്തുകയും മയക്കുവെടി വെക്കാനുള്ള സാഹചര്യം ഒരുങ്ങുകയും ചെയ്തതാണ് .
മയക്കുവെടി വെക്കാൻ ശ്രമിക്കുന്നതിനിടെ ചക്കക്കൊമ്പൻ ഏലക്കാടിനുള്ളിലേക്ക് കയറി. മരങ്ങളും കമ്പുകളും നിറഞ്ഞ ഈ ഭാഗത്തുവെച്ച് വെടിവെച്ചാൽ ആന മയങ്ങിവീഴുമ്പോൾ ശരീരത്തിന് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംഘം പിന്മാറുകയായിരുന്നു. കൂടാതെ ആനയിറങ്കൽ ജലാശയത്തിന് സമീപത്തുകൂടിയായിരുന്നു ആനയുടെ സഞ്ചാരമെന്നതും ദൗത്യം ദുഷ്കരമാക്കി.
പിന്നീട് ഏലക്കാട്ടിൽ നിന്നും പുറത്തിറങ്ങിയ ആന ക്ഷേത്രം ഉൾപ്പെടെയുള്ള ചെമ്പകത്തൊഴുകുടിയിലെ ജനവാസ മേഖലയിലേക്ക് കയറിയതോടെ മയക്കുവെടി വെക്കുക അസാധ്യമായി മാറി
ചക്കക്കൊമ്പൻ അക്രമസ്വഭാവം കാണിക്കുന്നതും ദൗത്യം നീണ്ടുപോകുന്നതും പ്രദേശവാസികളെ വലിയ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് . സ്കൂളുകൾക്ക് അവധി നൽകിയതും ജനങ്ങൾക്ക് പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണങ്ങളും തുടരുകയാണ് .
ദൗത്യം നാളെ തുടരണമോ അതോ താൽക്കാലിക ഇടവേള എടുക്കണമോ എന്ന കാര്യത്തിൽ ഇടുക്കി ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.















