പറന്ന് നടക്കാൻ അയൺമാൻ സ്യൂട്ട്

കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ എല്ലാവരേയും ഒരുപോലെ ആകർഷിക്കുന്നതാണ് സൂപ്പർ ഹീറോകൾ. അത്തരത്തിലൊരു സൂപ്പർഹീറോ ആയ അയൺ മാനെ പോലെ പറക്കാന്‍ സാധിക്കുന്ന സ്യൂട്ട് നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ബ്രിട്ടീഷുകാരനായ റിച്ചാർഡ് ബ്രൗണിംഗ്. സ്യൂട്ട് നിർമ്മിക്കുക മാത്രമല്ല പരീക്ഷണ പറക്കലും നടത്തി ബ്രൗണിംഗ്.

ഹോളിവുഡ് ബോക്സോഫീസിൽ കോടികൾ വാരിക്കൂട്ടിയ ചിത്രമാണ് റോബർട്ട് ഡൌണി ജൂനിയർ അഭിനയിച്ച അയൺമാൻ. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വൻ ഹിറ്റായി. അയൺമാന്‍റെ യന്ത്രക്കുപ്പായമാണ് അതിലെ സവിശേഷത. അതേ സവിശേഷതയാണ് ബ്രിട്ടീഷുകാരനായ റിച്ചാർഡ് ബ്രൗണിംഗിനെ അത്തരമൊരു സ്യൂട്ട് നിർമ്മിക്കാൻ പ്രേരിപ്പിച്ചത്.

യന്ത്രക്കുപ്പായം ഉപയോഗിച്ച് പറക്കുന്ന ബ്രൗണിംഗിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ജെറ്റ് എഞ്ചിനുകളുടെ ചെറു രൂപങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചാണ് ഒരാൾക്ക് പറന്നുയരാന്‍ കഴിയുന്ന സ്യൂട്ട് നിർമ്മിച്ചിരിക്കുന്നത്.

ബ്രിട്ടീഷ് സ്റ്റാർട്ടപ്പ് കമ്പനിയായ ഗ്രാവിറ്റിയാണ് നിർമ്മാതാക്കൾ. വാൻകൂവറിൽ നടന്ന ടെഡക്സ് കോൺഫറൻസിൽ പറക്കും സ്യൂട്ട് പ്രദർശിപ്പിച്ചിരുന്നു. നേരത്തെ ക്രമപ്പെടുത്തിയ വേഗതയിലാണ് സ്യൂട്ട് ഉപയോഗിച്ച് പറന്നുയർന്നത്. അയൺമാന്‍ സ്യൂട്ടിന്‍റെ കൈകാലുകളിലാണ് ജെറ്റ് എഞ്ചിനുകൾ ഘടിപ്പിച്ചിരിക്കുന്നത്.

നിന്ന നില്‍പിൽ ഉയരാനും മുകളിലേക്കും വിവിധ വശങ്ങളിലേക്ക് പറക്കാനും സാധിക്കുമെന്നാണ് അവകാശവാദം. ബ്രീട്ടീഷ് സേന ഇതിനോടകം അയൺ മാൻ സ്യൂട്ടിന് പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്. ഏകദേശം 1.6 കോടി രൂപയാണ് പറക്കും സ്യൂട്ടിന്‍റെ ചെലവ്.

Close