യു.എന്‍ : അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് യുഎന്‍ പുതിയ സ്റ്റാമ്പ് പുറത്തിറക്കി. യോഗാഭ്യാസ മുറകളുടെ ചിത്രവും ദേവനാഗരി ലിപിയില്‍ ‘ഓം’ എന്ന ആലേഖനവും അടങ്ങിയതാണ് സ്റ്റാമ്പ്.
ജലപൂജയോടു കൂടിയാണ് മൂന്നാം അന്താരാഷ്ട്ര യോഗാദിനം ഐക്യരാഷ്ട്ര സഭ ആചരിച്ചത്. ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് നടന്ന ‘യോഗാചാര്യന്മാര്ക്കൊപ്പം യോഗാഭ്യാസം’ എന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളുടെ യുഎന്നിലെ സ്ഥിരാംഗങ്ങള്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങി ആയിരക്കണക്കിനു പേര് പങ്കെടുത്തു.
ഋഷികേശ് പരമാര്‍ഥ നികേതന്‍ ആശ്രമത്തില്‍ നിന്നുളള സ്വാമി ചിദാനന്ദ സരസ്വതി, സാധ്വി ഭഗവതി സരസ്വതി എന്നിവരുടെ നേതൃത്വത്തിലാണ് ജലപൂജ നടന്നത്. ഭൂഗോളത്തിന്റെ മാതൃകയുടെ മുകളില്‍ ജലം പകര്‍ന്നായിരുന്നു പൂജ. എല്ലാവര്ക്കും ശുദ്ധജലം ലഭിക്കണമെന്ന പ്രര്‍ത്ഥനയോടെയാണ് ജലപൂജ നടന്നത്.
ആരോഗ്യമുളള ശരീരത്തിലാണ് ആരോഗ്യമുളള മനസുളളത് എന്ന ചൊല്ലിനെ യോഗ സാക്ഷാത്കരിക്കുന്നെന്ന് യുഎന്‍ പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോംസണ്‍ പറഞ്ഞു. യോഗ മനുഷ്യ രാശിയുടെ ഏകത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് യുഎന്നിലെ ഇന്ത്യന്‍ സ്ഥിരാംഗം സയ്യിദ് അക്ബറുദീന് പറഞ്ഞു.