സെൻസർ ബോർഡ് അംഗമായി വിദ്യാബാലൻ

ന്യൂഡൽഹി : ബോളിവുഡ് താര സുന്ദരി വിദ്യാബാലൻ ഇനി സെൻസർ ബോർഡ് അംഗം. പുതിയ ചെയർമാനായി പ്രസൂൺ ജോഷി സ്ഥാനമേറ്റതിനൊപ്പം നാലു പുതിയ അംഗങ്ങളെയും സിബിഎഫ്സി യിൽ നിയമിച്ചു. അതിൽ ഒരാളായി വിദ്യയും ഇനി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അമരത്ത് ഉണ്ടാകും.

ചെയർമാൻ സ്ഥാനത്തുനിന്നു പഹ്‌ലാജ് നിഹ്‌ലാനിയെ സർക്കാർ നീക്കിയിരുന്നു. 2015 ലാണു പഹ്‌ലാജ് നിഹ്‌ലാനിയെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ ചെയർമാനായി നിയമിച്ചത്. അദ്ദേഹത്തിന്റെ പല തീരുമാനങ്ങളും വിവാദം സൃഷ്ടിച്ചവയായിരുന്നു.

തുടർന്ന് പുതിയ ചെയർമാനായി പ്രസൂൺ ജോഷിയെ നിയമിച്ചു. 2015ൽ പത്മശ്രീ നൽകി രാഷ്ട്രം ആദരിച്ച മികച്ച ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് പ്രസൂൺ. മൂന്നുവർഷത്തേക്കാണു നിയമനം. നടി വിദ്യാബാലൻ, നാടകകലാകാരനും സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ വാമൻ കേന്ദ്രേ, സംവിധായകൻ വിവേക് അഗ്നിഹോത്രി, പ്രമുഖ കഥാകാരൻ നരേന്ദ്ര കോഹ്‌ലി എന്നിവരാണു പുതിയ അംഗങ്ങൾ. ആകെ 23 അംഗങ്ങളാണു സിബിഎഫ്‌സിയിലുള്ളത്.

Close