ജെഡിയു രാജ്യസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കി

പട്ന: ജെഡിയു രാജ്യസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ശരത് യാദവിനെ നീക്കി. പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് പുറത്താക്കിയത്. ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാറാണ് ശരത് യാദവിനെ പുറത്താക്കാൻ തീരുമാനമെടുത്തത്.

ബീഹാറിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ നീക്കി. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വിശ്വസ്തൻ രാമചന്ദ്ര പ്രസാദ് സിംഗിനെ പുതിയ രാജ്യസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

പാർട്ടി വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണ് ശരദ് യാദവിനെ നീക്കിയതെന്ന് ബീഹാർ പാർട്ടി അദ്ധ്യക്ഷൻ വസിഷ്ഠ നരേൻ സിംഗ് വ്യക്തമാക്കി.

മഹാസഖ്യം തകർത്ത് നിതീഷ് കുമാർ ബിജെപി പിന്തുണയോടെ വീണ്ടും അധികാരത്തിൽ എത്തിയതിനോട് ശരദ് യാദവിന് വലിയ എതിർപ്പ് ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശരത് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയത്.

ശരത് യാദവിന് സ്വന്തം തീരുമാന പ്രകാരം പാർട്ടി വിട്ട് പോകാമെന്ന് നിതീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടാക്കാനുള്ള ശേഷി ശരത് യാദവിന് ഇല്ല. 99 ശതമാനം നേതാക്കളും നിതീഷിന് ഒപ്പമാണുള്ളത്.

അതേസമയം രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു നീക്കിയ നടപടിക്കെതിരെ ശരത് യാദവ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനെ കണ്ട് കത്ത് സമർപ്പിച്ചു.

ബിജെപി വിരുദ്ധ മുന്നണിക്കായി കോൺഗ്രസ്​ വിളിച്ചു ചേർത്ത യോഗത്തിൽ പ​ങ്കെടുത്തതിനെ തുടർന്ന്​ ജെഡിയു വി​ന്റെ മറ്റൊരു രാജ്യസഭാംഗമായ അൻവർ അലിയ്ക്കെതിരെയും കഴിഞ്ഞ ദിവസം നടപടിയെടുത്തിരുന്നു.

Shares 744
Close