കേരളത്തിൽ ജിഹാദികൾ ഉള്ളതിന്റെ തെളിവാണ് പ്രൊഫ.ജോസഫിന്റെ അനുഭവം ; കുമ്മനം രാജശേഖരൻ

 

മൂവാറ്റുപുഴ: തീവ്രവാദികൾ കൈവെട്ടി മാറ്റിയ പ്രൊഫ ടി ജെ ജോസഫിന് നീതി ഉറപ്പാക്കാൻ ഇരു മുന്നണികൾക്കും കഴിഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ.

കേരളത്തിൽ ജിഹാദികൾ ഉണ്ടോയെന്ന കോടിയേരി ബാലകൃഷ്ണന്‍റെ സംശയത്തിനുള്ള മറുപടിയാണ് ജോസഫിന്‍റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. ജനരക്ഷായാത്രക്കിടെ മൂവാറ്റുപുഴയിലെ വീട്ടിലെത്തി ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഭവം നടന്ന് 7 വർഷമായിട്ടും മുഖ്യപ്രതിയെ പിടികൂടാൻ കഴിയാത്തത് സർക്കാരുകളുടെ പിടിപ്പുകേടാണ്. വൈക്കത്തെ അഖിലയെ സിറിയയിലേക്ക് കടത്താൻ ശ്രമിക്കുന്നതും ഇതേ ശക്തികളാണ്. പ്രൊഫസര്‍ ജോസഫിന്‍റെ കൈവെട്ടി മാറ്റിയപ്പോൾ കേരളം മുഴുവൻ ഞെട്ടിത്തരിച്ചെങ്കിലും അതിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളാണ് അഖിലയെ മതംമാറ്റി വിഹാഹം കഴിക്കാൻ ശ്രമിച്ച ഷഫീൻ ജഹാൻ.

കേരളത്തിൽ ജിഹാദ് യാഥാർത്ഥ്യമാണെന്ന് പൊലീസും സർക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന് നേതൃത്വം കൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് സമ്മേളനം നടത്താൻ എല്ലാ ഒത്താശയും നൽകിയത് പിണറായി സർക്കാരാണ്.

അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക രാഷ്ട്രീയ പ്രസ്ഥാനം ബിജെപിയാണ്. മറ്റ് രണ്ടു മുന്നണികളും ഇവർക്ക് സഹായം കൊടുക്കുകയാണ്.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഡോ അനിൽ ജെയ്ൻ, ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്, പി ജെ തോമസ്, ശങ്കരൻകുട്ടി എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

 

Close