സ്വന്തം വോട്ട് തനിക്ക് തന്നെ ചെയ്യാൻ സാധിക്കാത്ത സ്ഥാനാർത്ഥികൾ ഇന്ന് നെട്ടോട്ടത്തിൽ. സ്വന്തം മണ്ഡലത്തിന് പുറത്ത് മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് അവരുടെ ബൂത്തിൽ പോയി വോട്ട് ചെയ്തശേഷം മത്സരിക്കുന്ന മണ്ഡലത്തിൽ മടങ്ങി എത്തേണ്ടി വരും.
തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ബെംഗളൂരുവിലാണ് വോട്ട്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുലിനും എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജയ്ക്കും ഡൽഹിയിലാണ് വോട്ട്. മൂവരും വോട്ട് ചെയ്യാനായി കേരളം വിടേണ്ടി വരും.
വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ കോഴിക്കോടാണ് വോട്ട്. തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കണ്ണൂർ കക്കാട് ഗവ. യുപി സ്കൂളിലാണ് വോട്ട്. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വോട്ട് പത്തനംതിട്ട മണ്ഡലത്തിലാണ്.
കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ് ഇടുക്കി മണ്ഡലത്തിലെ മൂവാറ്റുപുഴയിലും എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ആലപ്പുഴ കണിച്ചുകുളങ്ങരയിലും വോട്ട് ചെയ്യും. കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് തിരുവനന്തപുരത്തെ വട്ടിയൂർക്കാവിലാണ്. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനും വോട്ട് വട്ടിയൂർക്കാവിലാണ്.
എൽഡിഎഫിലെ ചാലക്കുടി സ്ഥാനാർത്ഥി സി. രവീന്ദ്രനാഥ്, പാലക്കാട് സ്ഥാനാർത്ഥി എ. വിജയരാഘവൻ എന്നിവർക്കും എൻഡിഎയുടെ ഇടുക്കി സ്ഥാനാർത്ഥി സംഗീത വിശ്വനാഥനും പൊന്നാനി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യനും തൃശൂരിലാണ് വോട്ട്. പൊന്നാന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എസ് ഹംസ തൃശൂർ പാഞ്ഞാളിൽ വോട്ട് ചെയ്യും. ആലത്തൂരിലെ എൻഡിഎ ടി.എൻ സരസു ചാലക്കുടിയിലും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ട് ആലത്തൂരിലാണ്.
മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥി സിഎ അരുൺകുമാർ ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തും. മലപ്പുറം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. വസീഫിന് കോഴിക്കോട്ടും എൻഡിഎ സ്ഥാനാർത്ഥി ഡോ. എം. അബ്ദുൾ സലാമിന് വോട്ട് തിരുവനന്തപുരത്താണ്.