അഭിമാനമായി ഭാരതം വീണ്ടും ഐ‌എം‌ഒ യിൽ : 144 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത്

ന്യൂഡൽഹി : ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്ക് വിജയം . 144 അംഗരാജ്യങ്ങൾ ഇന്ത്യക്ക് അനുകൂലമായി വോട്ടു ചെയ്തു. ഏറ്റവും കൂടുതൽ വോട്ടു നേടിയ രാജ്യങ്ങളിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ് . ഏറ്റവും കൂടുതൽ വോട്ടു നേടിയ ജർമ്മനിക്ക് 146 വോട്ടുകൾ ലഭിച്ചു.

ഐ‌എം‌ഒ കൗൺസിൽ കാറ്റഗറി ബിയിലേക്ക് നടന്ന വോട്ടെടുപ്പിലാണ് ഇന്ത്യ വിജയിച്ചത് . 1959 മുതൽ ഇന്ത്യ അംഗമായിരുന്നെങ്കിലും ഇതാദ്യമായാണ് വോട്ടെടുപ്പ് നടന്നത് . ഇത് അഭിമാനകരമായ നിമിഷമാണെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ട്വീറ്റ് ചെയ്തു.

ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ഓർഗനൈസേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ തങ്ങുന്നതും ഇന്ത്യക്ക് അനുഗ്രഹമായി . ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് ഗഡ്കരി അംഗരാജ്യങ്ങളെ സമീപിച്ചിരുന്നു. ഇന്ത്യക്കും ജർമ്മനിക്കും പുറമേ ആസ്ട്രേലിയ , ഫ്രാൻസ് , കാനഡ , സ്പെയിൻ , ബ്രസീൽ , സ്വീഡൻ , നെതർലൻഡ്സ് , യു‌എഇ എന്നീ രാജ്യങ്ങളാണ് തെരഞ്ഞെടുപ്പിലൂടെ കൗൺസിലിൽ എത്തിയത് .
രണ്ടു വർഷമാണ് കാലാവധി.

നേരത്തെ അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ജഡ്ജിയായി ഭാരതത്തിന്റെ ദൽവീർ സിംഗ് ഭണ്ഡാരി തെരഞ്ഞെടുക്കപ്പെട്ടിരുന്നു . ബ്രിട്ടനുമായി നടന്ന മത്സരത്തിൽ പൊതുസഭയിലെ 193 ൽ 183 വോട്ടുകളും ഇന്ത്യക്കാണ് ലഭിച്ചത് . ഒടുവിൽ ബ്രിട്ടൻ പിന്മാറുകയായിരുന്നു . അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്നതാണ് മാരിടൈം കൗൺസിലിലെ തെരഞ്ഞെടുപ്പും .

Shares 13K
Close