കേന്ദ്രസർക്കാർ രക്ഷിക്കുന്നത് മതം നോക്കിയല്ല ; മോദി

അഹമ്മദാബാദ് : കേന്ദ്ര സർക്കാർ വിപത്തുകളിൽ കുടുങ്ങുന്നവരെ രക്ഷിക്കുന്നത് മതം നോക്കിയല്ലെന്നും അവർ ഭാരതത്തിന്റെ മക്കളായതിനാലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇറാഖിലെ തീവ്രവാദികളില്‍നിന്ന് നഴ്‌സുമാരെ രക്ഷപ്പെടുത്തിയതും, കേരളത്തില്‍നിന്നുള്ള പുരോഹിതന്‍ ടോം ഉഴുന്നാലിനെ യമനില്‍നിന്ന് മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതും മതം നോക്കിയല്ല.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടത്തില്‍പ്പെട്ട വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവരെ സഹായിച്ചതിനു കാരണം രാജ്യസ്‌നേഹമാണ് .

ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ പുറത്തിറക്കിയ ഇടയലേഖനത്തെ സൂചിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മതപരമായ സ്ഥാനം വഹിക്കുന്ന ഒരാള്‍ ഇത്തരമൊരു പ്രസ്താവന പുറത്തിറക്കിയത് ഞെട്ടലുണ്ടാക്കുന്നതാണ്. ‘രാഷ്ട്രഭക്തി’ തന്നെയാണ് എല്ലാ ഇന്ത്യക്കാരെയും സഹായിക്കുന്നതിന് തനിക്ക് വഴികാട്ടിയായുള്ളത്.

ദേശീയതയുടെ മൂല്യങ്ങളെ എതിര്‍ക്കുന്നത് ഗൗരവമായ വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളില്‍നിന്ന് ഫാദര്‍ അലക്‌സിസ് പ്രേംകുമാര്‍, ജൂഡിത്ത് ഡിസൂസ എന്നിവരെ രക്ഷപ്പെടുത്തിയതും മോദി ചൂണ്ടിക്കാട്ടി.

അഹമ്മദാബാദില്‍ പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മക്വാന്‍ ‘ദേശീയവാദത്തിന്റെ ശക്തികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കൂ’ എന്ന ആഹ്വാനം ചെയ്തുകൊണ്ട് ഇടയലേഖനം പുറത്തിറക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ പ്രാര്‍ഥനയ്ക്കുള്ള അപേക്ഷയാണ് ഇതുവഴി ഉദ്ദേശിച്ചതെന്നുള്ള വിശദീകരണവുമായി മക്വാന്‍ രംഗത്തു വന്നു.

Shares 11K
Close