സൈന്യത്തിനെതിരെ കല്ലെറിഞ്ഞവളെന്നല്ല, കശ്മീർ ടീമിന്റെ കാവലാളെന്ന് പറയൂ

അന്ന് പ്രതിഷേധമായിരുന്നു അഫ്സാൻ ആഷിഖ് എന്ന പെൺകുട്ടിയുടെ കണ്ണുകളിലെങ്കിൽ ഇന്നത് ആത്മവിശ്വാസത്തിന് വഴിമാറി

നീല സൽവാർ കമ്മീസണിഞ്ഞ്‍, ദുപ്പട്ടകൊണ്ട് മുഖം പാതിമറച്ച്, സ്കൂൾ ബാഗും തോളിൽ തൂക്കി ഇന്ത്യൻ സൈന്യത്തിനെതിരെ കല്ലെറിഞ്ഞ അഫ്സാൻ,ഇന്നവൾ കശ്മീർ വനിതാ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനാണ്.

‘പഴയ കാര്യങ്ങൾ ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ ജീവിതം മാറിക്കഴിഞ്ഞു. കല്ലെറിഞ്ഞ പെൺകുട്ടി എന്നതിനെക്കാൾ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചവൾ എന്ന് അറിയപ്പെടാനാണ് എന്റെ ആഗ്രഹം’– ഉറച്ച സ്വരത്തിൽ അഫ്സാൻ പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 24ന് ഉണ്ടായ ഒരു സംഭവത്തെ തുടർന്നാണ് അഫ്സാൻ പൊലീസിനു നേരെ കല്ലെറിഞ്ഞത്. കോത്തി ബാഗിലെ സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് കൂട്ടുകാരികൾക്കൊപ്പം പരിശീലന മൈതാനത്തേക്കു നടന്നു പോവുകയായിരുന്നു അഫ്സാൻ. പെട്ടെന്ന് റോഡിൽ പൊട്ടിപുറപ്പെട്ട പ്രതിഷേധങ്ങളിൽ അകപ്പെട്ട് പോയി അവർ. ഒരു പൊലീസുകാരൻ അഫ്സാന്റെ കൂട്ടുകാരികളിലൊരാളെ അടിക്കുകയും കൂടി ചെയ്തപ്പോൾ നിയന്ത്രണം വിട്ടു.

എങ്ങനെ പ്രതികരിക്കണമെന്നറിയാതെ പകച്ചു നിന്ന അഫ്സാന്റെ കയ്യിൽ‌ കിട്ടിയത് ഒരു കല്ലാണ്. ‘‘അപമാനിക്കപ്പെട്ടതായാണ് ആ സമയം തോന്നിയത്. പ്രതികരിക്കാതെ വയ്യ, പക്ഷേ മറ്റ് മാർഗ്ഗങ്ങൾ കണ്ടില്ല.എന്നാൽ ഇന്ന് മനസിലാകുന്നു ഇത്തരത്തിലുള്ള പ്രതിഷേധങ്ങളൊന്നും കശ്മീരിലെ പ്രശ്നത്തിനു പരിഹാരമല്ല‘ അഫ്സാൻ പറഞ്ഞു

തന്റെ ടീം അംഗങ്ങൾക്കൊപ്പം കഴിഞ്ഞ ദിവസം അഫ്സാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിനെ സന്ദർശിച്ചിരുന്നു.കശ്മീരിലെ സ്പോർട്സ് സൗകര്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് ടീമിന്റെ ക്യാപ്റ്റൻ മന്ത്രിയെ കാണാനെത്തിയത്. താരങ്ങളുടെ പരാതികേട്ട രാജ്നാഥ് സിങ് ഉടനെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ വിളിക്കുകയും ചെയ്തു.

മടങ്ങി പോകുമ്പോൾ അഫ്സാൻ ആ ആഗ്രഹം തുറന്നു പറഞ്ഞു ലക്ഷ്യം ഇന്ത്യൻ ടീമാണ്.ഒരിക്കൽ ഇന്ത്യൻ സേനയെ കല്ലെറിഞ്ഞവൾ എന്ന വിശേഷണം കർമ്മം കൊണ്ട് തിരുത്തണം.

Close