പാകിസ്ഥാന് നൽകിവന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി

വാഷിംഗ്ടൺ: പാകിസ്ഥാന് നൽകിവന്നിരുന്ന സാമ്പത്തിക സഹായം അമേരിക്ക നിർത്തലാക്കി. താലിബാൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാക് നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്‍റെ പേരിൽ പ്രത്യേക നീരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്താനും അമേരിക്ക തീരുമാനിച്ചു.

കഴിഞ്ഞ പതിനഞ്ച് വർഷമായി പാകിസ്ഥാന് നൽകി വന്നിരുന്ന സാമ്പത്തിക സഹായമാണ് അമേരിക്ക നിർത്തിയിരിക്കുന്നത്. ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഇതുവരെ 3300 കോടി ഡോളറിന്‍റെ സഹായമാണ് അമേരിക്ക പാകിസ്ഥാന് നൽകിയിട്ടുള്ളത്. ഭീകരസംഘടനകൾക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കുന്നതിൽ ഗുരുതര വീഴ്‍ച വരുത്തിയെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ഹെതർ ന്യൂവർട്ട് വ്യക്തമാക്കി.

ജനങ്ങളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നതിന്‍റെ പേരിൽ പ്രത്യേക പരിഗണന നൽകേണ്ട രാജ്യങ്ങളുടെ പട്ടികയായ സിപിസിയിൽ പാകിസ്ഥാനെ അമേരിക്കൻ വിദേശകാര്യ വകുപ്പ് ഉൾപ്പെടുത്തി. പാകിസ്ഥാനിൽ ഗുരുതരമായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.

സാമ്പത്തിക സഹായം കൈപ്പറ്റി പാകിസ്ഥാൻ വഞ്ചിക്കുകയാണെന്ന് ന്യൂഇയർ ദിനത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൽഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഭീകരസംഘടനകളെ പ്രോൽസാഹിപ്പിക്കുന്ന പാകിസ്ഥാനെതിരെ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കുമെന്ന മുന്നറിയപ്പും ട്രംപ് നൽകിയുരുന്നു.

Shares 875

Post Your Comments

Close