കോഴിക്കോട്: നാഗ്ജി ഇന്‍റര്‍നാഷണല്‍ ക്ലബ് ഫുട്ബോളിന്‍റെ പ്രചരണാര്‍ഥം മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തി. നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹത്തിന് കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
മനോഹരമായ ഫുട്ബോള്‍ ഓര്‍മകളെ താലോലിക്കുന്ന കോഴിക്കോടിന്‍റെ മണ്ണിലേക്ക് ഒടുവില്‍ ഇലപൊഴിയും കിക്കിന്‍റെ മാസ്മരികത സമ്മാനിച്ച റൊണാള്‍ഡീഞ്ഞോ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ വരവ് മലബാറിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളെയും ആവേശത്തിന്‍റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുന്‍ ബ്രസീലിയന്‍ താരത്തിന് ആരാധകരുടെ തിരക്ക് കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തേക്കിറങ്ങാനായത്.
കരിപ്പൂര്‍ മുതല്‍ അദ്ദേഹത്തിന് താമസമൊരുക്കിയ സ്വകാര്യ ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ആരാധകരുടെ വന്‍ തിരക്കായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അതിഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ വാഹനത്തില്‍ തന്നെയായിരുന്നു യാത്ര. എന്നാല്‍ വേണ്ടത്ര പൊലീസ് സാന്നിധ്യം ഇല്ലാതിരുന്നതിനാല്‍ പലയിടത്തും ഗതാഗത തടസവും ഉണ്ടായി. താമസ സൗകര്യം ഒരുക്കിയിരുന്ന ഹോട്ടലിന് മുന്നിലും രാവിലെ മുതല്‍ ഫുട്ബോള്‍ പ്രേമികളുടെ വന്‍ തിരക്കായിരുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെയും നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ സംഘാടകരായ മോണ്ടിയാല്‍ സ്പോര്‍ട്സിന്‍റെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.
വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ വെച്ചാണ് സേഠ് നാഗ്ജിയുടെ കുടുംബാംഗങ്ങള്‍ ട്രോഫി റൊണാള്‍ഡീഞ്ഞോയ്‌ക്ക് കൈമാറുക. തുടര്‍ന്ന് സ്വന്തം ഒപ്പ് പതിപ്പിച്ച പന്ത് ആരാധകര്‍ക്കിടയിലേക്ക് അടിച്ചും വിടും. പന്ത് ലഭിക്കുന്നയാള്‍ക്ക് സാംബാ നൃത്തച്ചുവടുകളുടെ ഓര്‍മകളും പേറി ആ അമൂല്യനിധിയുമായി വീട്ടിലേക്ക് മടങ്ങാം.
ഇന്ന് രാവിലെ എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹം കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി നാളെ മടങ്ങും.