NewsColumns

രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു.  വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്.  അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ. 

കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് .  ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.

 ബാലരാമ കൈമൾ എഴുതുന്നു

രോഹിതിന്റെ ആത്മഹത്യ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് 

ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷകവിദ്യാർഥി വെമുല രോഹിത് ആത്മഹത്യ ചെയ്തു.  ഒരു എഴുത്തുകാരൻ ആകണമായിരുന്നു തനിക്ക് എന്നുള്ള തന്റെ സ്വപ്നങ്ങളെ കത്തിലെഴുതിയാണ് അയാൾ വിട പറഞ്ഞത്.  സ്വപ്നങ്ങളെ മാത്രം ബാക്കിയാക്കി ഈ ലോകത്തുനിന്നും കടന്നുപോയ രോഹിതിന് സംഭവിച്ചതെന്തോ അത് അത്യന്തം ദുഃഖകാരമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ പലതും രോഹിതിന്റെ മരണം സംബന്ധിച്ചാണ്.  ചർച്ചകൾ നടക്കേണ്ടത് ആവശ്യവുമാണ്.  സ്വാഭാവികമല്ലാത്ത ഓരോ മരണവും ചർച്ച ചെയ്യപ്പെടേണ്ടതും അതിന്റെ കാരണങ്ങളെ വിശകലനം ചെയ്ത് പരിഹാരങ്ങൾ  ആരായേണ്ടതുമാണ്..

രോഹിതിന്റെ മരണത്തിൽ അദ്ദേഹത്തിൻറെ ജാതി ഏറെ ചർച്ച ചെയ്യപ്പെടുന്നു.  പക്ഷേ, ഇവിടെ ജാതിയാണോ ചർച്ച ചെയ്യപ്പെടേണ്ടത് ..? രോഹിത് ആത്മഹത്യ ചെയ്യാൻ കാരണം, സർവ്വകലാശാലയിൽനിന്നും പുറത്താക്കാപ്പെട്ടതാണ് എന്ന് മാധ്യമങ്ങൾ പറയുന്നു.  അതിനു കാരണമായ സംഭവങ്ങൾ യാക്കൂബ് മേമന്റെ വധശിക്ഷക്കെതിരെ രോഹിത് ഉൾപ്പെടെയുള്ളവർ നടത്തിയ പ്രക്ഷോഭവും ഒപ്പം എ. ബി. വി. പി. പ്രവർത്തകരുമായുള്ള സംഘർഷവും ആണെന്നും മാധ്യമങ്ങളിൽ കാണാം.

അന്നത്തെ സംഘർഷങ്ങളിൽ രോഹിതിനെതിരെ മാത്രമല്ല,കേസും നടപടികളും ഉള്ളത്.  അത് എ. ബി. വി. പി. പ്രവർത്തകർക്കെതിരെയും ഉണ്ടായിട്ടുണ്ട്.  അതിൽ രണ്ടു പേർ നല്ല രീതിയിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. ഒരാളുടെ നില ഗുരുതരം.  ഇരുവശത്തുള്ളവരുടെയും ജാതി എന്തുമാകട്ടെ, ഉണ്ടായത് അക്രമസംഭവങ്ങളും വിദ്യാർഥികൾ വിദ്യാർഥികളെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത തരത്തിലുള്ള സംഭവങ്ങളാണ്. അതാണെങ്കിൽ ഉണ്ടായത് അനേകം പേരെ ബോംബ്‌ സ്ഫോടനത്തിൽ കൊലപ്പെടുത്തിയ, ഇന്ത്യൻ നീതിന്യായവ്യവസ്ഥ കുറ്റവാളി എന്ന് കണ്ടെത്തിയ ഒരു രാജ്യദ്രോഹിക്കായി നടന്ന പ്രക്ഷോഭത്തിലും.  ഒന്നോർക്കണം ഗുരുതരാവസ്ഥയിൽ കഴിയുന്ന ആ വിദ്യാർഥി മരണപ്പെട്ടാൽ രോഹിതിനെ ഈ നാട് കൊലക്കേസ് പ്രതി എന്ന നിലയിൽ കാണുമായിരുന്നു.

രോഹിത് സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വാസ്തവം.  രോഹിതിന്റെ സംഘടനയുടെ വെബ്‌ സൈറ്റിൽ അയാൾക്ക്‌ നൽകപ്പെട്ട മെമ്മോയുടെ കോപ്പി കാണാം.  അതിൻപ്രകാരം രോഹിത് സർവ്വകലാശാലയിൽ വിദ്യാർഥിയായി തുടരുകതന്നെയായിരുന്നു.  വിലക്കപ്പെട്ടത്, അതിലെ ഹോസ്റ്റലുകളിൽ പ്രവേശിക്കുന്നതിൽ നിന്നുമാണ്.  സർവ്വകലാശാലയുടെ ഭരണകേന്ദ്രങ്ങളിൽ ഗ്രൂപ്പായി രോഹിതും കൂട്ടരും പ്രവേശിക്കരുത് എന്നും പറയുന്നു.  എന്നാൽ, അയാൾക്ക്‌ ക്ലാസുകൾ അറ്റൻഡ് ചെയ്യാനോ, ഡിപ്പാർട്ട്മെന്റുകൾ, അവിടത്തെ സെന്ററുകൾ എന്നിവയിൽ പ്രവേശിക്കാനോ വിലക്കില്ല.  ആ നിലയ്ക്ക്, സർവ്വകലാശാലയിൽനിന്നും പുറത്താക്കപ്പെട്ടതിനാൽ അയാൾ ആത്മഹത്യ ചെയ്തു എന്ന വാദം സ്വീകാര്യമായി എടുക്കാവുന്നതല്ല.

രോഹിതിന്റെ കാര്യത്തിൽ ജാതിചർച്ചകൾ നടക്കുമ്പോൾ ദളിതവിദ്യാർഥി ആത്മഹത്യ ചെയ്തു എന്നുള്ള പ്രചാരണങ്ങൾ കാണുന്നു.  പക്ഷേ, ഇക്കാര്യത്തിൽ കേട്ട വാർത്തകൾ ശരിയെങ്കിൽ, രോഹിത് യാദവ (വദ്ദേര എന്ന ഉപവിഭാഗം- ഇവരെ സർക്കാർ ഓ. ബി. സി. യിൽ പെടുത്തുന്നു) വിഭാഗത്തിൽപ്പെടുന്ന ആൾ ആണ്.  ബ്രാഹ്മണൻ എന്ന് പലരും വിശേഷിപ്പിക്കുന്ന കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയും ഓ. ബി. സി.യിൽ പെടുന്ന (യാദവ് തന്നെ) പിന്നോക്കജാതിക്കാരൻ തന്നെ.  അതായത് രോഹിതിന്റെ മരണത്തിൽ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന ‘ബ്രാഹ്മനിക്കൽ ഫാക്ടർ’ ഇല്ല എന്നർഥം.

രോഹിതും സുഹൃത്തുക്കളും ആക്രമിച്ച എ. ബി. വി. പി. പ്രവർത്തകരിൽ ഒരാൾ മഡിഗ വിഭാഗത്തിൽ പെടുന്ന ആൾ ആണെന്ന് അറിയുന്നു.  മഡിഗ എസ്. സി. അഥവാ ദളിത്‌ ആണ്.  വേമുല രോഹിതിന്റെ ഒപ്പം എ. ബി. വി. പി. പ്രവർത്തകരെ ആക്രമിച്ചതിൽ ഒരാളുടെ പേർ രോഹിത് റെഡ്ഢി എന്നാണ് എന്നും കാണുന്നു.  സവർണസമൂഹമായ റെഡ്ഢി ദളിതരുടെ സംഘടന എന്ന് പറയപ്പെടുന്ന അംബേദ്‌കർ സ്റ്റുഡന്റ്സ് അസോസിയേഷനിൽ അംഗമാണ്! എസ്. സി. ക്വോട്ടയിൽ ആണ് രോഹിതിന് സർവ്വകലാശാലയിൽ പഠനസൗകര്യം ലഭിച്ചതെന്നും, എസ്. സി. അല്ലാത്ത ആൾക്ക് അതെങ്ങനെ തരപ്പെട്ടു എന്നുമുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയായിൽ ഉയരുന്നുണ്ട്.  ഈ ആരോപണങ്ങളിൽ വാസ്തവം ഉണ്ടെങ്കിൽ അതും അന്വേഷണവിധേയമാക്കേണ്ടതാണ്.

കേരളത്തിൽ ഇപ്പോൾ ഇടതുപക്ഷ അനുഭാവികൾ അനേകം പേർ രോഹിതിന്റെ പ്രശ്നം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്.  ഇത് ആത്മാർഥമായാണെങ്കിൽ തീർച്ചയായും അഭിനന്ദിക്കപ്പെടണം. കാരണം, മരണപ്പെട്ട രോഹിത്, തന്റെ ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ എസ്. എഫ്. ഐ. യെയും ഇടതുപക്ഷത്തെയും സീതാറാം യെച്ചൂരിയുടെ ദളിതരോടുള്ള അവസരവാദപരമായ ഇരട്ടത്താപ്പിനെയും ശക്തമായി വിമർശിക്കുന്നുണ്ട്.  സ്വന്തം പാർട്ടിയെയും അതിന്റെ അനിഷേധ്യനേതാവായ ജനറൽ സെക്രട്ടറിയെയും നിശിതമായി വിമർശിച്ച ഒരാളിനായി ഇടതുപക്ഷപ്രവർത്തകർ ശബ്ദം ഉയർത്തുന്നു എങ്കിൽ, സ്വന്തം പാർട്ടിയുടെ തിന്മയെ എതിർത്തുംകൊണ്ട് കേരളത്തിലെ കമ്യൂണിസ്റ്റ്- മാർക്സിസ്റ്റ്‌ അനുഭാവികൾക്ക് നിലപാട് എടുക്കാൻ കഴിയുമെന്നത് സ്വാഗതാർഹമായ കാര്യമാണ്.

രോഹിതിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടികളും ചർച്ചകൾക്ക് വിധേയമാകുന്നു.  വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അക്രമം ഉണ്ടാക്കിയാൽ അതുണ്ടാക്കുന്ന വിദ്യാർഥികൾക്കെതിരെ വിദ്യാലയതലത്തിലും നിയമതലത്തിലും നടപടികൾ സ്വാഭാവികമാണ്.  അച്ചടക്കം വേണ്ടാ എന്ന് എത്ര നിർബന്ധം പിടിച്ചാലും, ഒരു പരിധിവരെയെങ്കിലും, അക്രമങ്ങൾ ഇല്ലാതാക്കാനെങ്കിലും അത് വിദ്യാർഥിജീവിതത്തിന്റെ ഭാഗമായേ പറ്റൂ.

കേരളത്തിൽ ഇടതരും വളതരും ഭരിക്കുമ്പോൾ, അവരാൽ ഭരിക്കപ്പെടുന്ന എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും അവരുടെ എതിർരാഷ്ട്രീയത്തിൽപ്പെടുന്ന വിദ്യാർഥികൾ അക്രമോന്മുഖമായ സമരങ്ങൾ നടത്തിയാൽ പുറത്താക്കാറുണ്ട് .  ആ നടപടി എടുക്കുമ്പോൾ, ഒരു വിദ്യാർഥി ആത്മഹത്യയിലൂടെ പ്രതികരിച്ചാൽ, സ്ഥാപനചുമതലയുള്ള മേധാവിക്കോ ഭരിക്കുന്ന മന്ത്രിക്കോ എതിരെ കേസ് എടുക്കണം എന്നാണെങ്കിൽ, അത്തരം സംഭവങ്ങളെ ഭയന്ന് ഭാവിയിൽ വിദ്യാലയങ്ങളിലെ അക്രമങ്ങൾക്കെതിരെ ഒരു നടപടിയും എടുക്കാനാത്ത സ്ഥിതി ആയിരിക്കും സംജാതമാകുക.

സമരങ്ങളെ, പ്രക്ഷോഭങ്ങളെ അംഗീകരിക്കാം. പക്ഷേ, കോടതി വിധിച്ച് നടപ്പാക്കുന്ന ശിക്ഷക്കെതിരെ തെരുവിലും വിദ്യാലയങ്ങളിലും നടത്തുന്ന സമരങ്ങൾ, നീതിന്യായവ്യവസ്ഥയെ ഹൈജാക്ക് ചെയ്യാനുള്ളതാണ്.  രാജ്യത്തിനെതിരെ അക്രമം നടത്തുകയും ഭീകരത വിതയ്ക്കുകയും ശത്രുരാജ്യത്തിനായി പ്രവർത്തിക്കുകയും ചെയ്ത യാക്കൂബ് മേമനെപ്പോലുള്ള ഒരാൾ മാപ്പർഹിക്കുന്നില്ല.  അങ്ങനെയുള്ള ഒരാൾക്കായി ഇന്ത്യയിലെ വിദ്യാലയത്തിൽ സമരം നടക്കുന്നത് ഗാന്ധിജിയെയും നേതാജിയെയും സ്നേഹിക്കുന്ന ഇന്ത്യക്ക് ചേർന്നതല്ല.

സമീപകാലത്തായി കണ്ടുവരുന്ന ഒരു കാര്യം, വൈദേശികശത്രുസ്വഭാവമുള്ള പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ ദളിതസമൂഹത്തെയോ അവരുടെ സംജ്ഞയെയോ ദുരുപയോഗം ചെയ്യുന്ന പ്രവണതയാണ്.  ഇത് വിഘടനവാദത്തിന്റെ നവരൂപമാണ്.  ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെ പേരിൽ വിഘടിപ്പിക്കുകയും, നവലിബറൽ സ്വഭാവം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘടനകളുടെ കൊടിക്കീഴിൽ അണിനിരത്തുകയും ചെയ്ത് രാജ്യദ്രോഹത്തെ പിന്തുണപ്പിക്കുന്ന പരിപാടി.  ഇതിനായി നക്സൽ/ മാവോയിസ്റ്റ് പശ്ചാത്തലമുള്ള അല്ലെങ്കിൽ ഉണ്ടെന്നു തോന്നിപ്പിക്കുന്ന പ്രവർത്തനങ്ങളെയും ഉപയോഗിക്കുന്നു.

എന്തായാലും അത്തരം പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽ ഒരു പൊതുസ്വഭാവമുണ്ട്.   ദേശീയതയുടെ ചിഹ്നങ്ങളെയും മാനബിന്ദുക്കളെയും ദളിതസമൂഹത്തെക്കൊണ്ട് തള്ളിപ്പറയിക്കുക എന്നുള്ളതാണ് ഇതിലെ ആദ്യപടി.  രോഹിത് ജീവിച്ചത് ആന്ധ്ര/ തെലങ്കാന മേഖലയിൽ ആണ്.  തെലുഗുഭാഷ സംസാരിക്കുന്ന വിദ്യാർഥി.  ആ പ്രദേശങ്ങളിലെ ദളിതസമൂഹത്തിനിടയിൽ അവരുടെ ഏറ്റവും വലിയ ശത്രുവായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത് ഗാന്ധിജിയെ ആണ്.

മഹാത്മാഗാന്ധിജി അംബേദ്‌കറുടെ ശത്രു ആയിരുന്നു എന്നും ദളിതസമൂഹത്തെ വെറുത്തിരുന്നവനും അദ്ദേഹം ചാതുർവർണ്യത്തിന്റെ വക്താവും ആയിരുന്നു എന്നും ആന്ധ്രമേഖലയിലെ ദളിതവിദ്യാർഥികളെ ചില ശക്തികൾ വർഷങ്ങളായി ബോധവൽക്കരിക്കുന്നു.  രാഷ്ട്രപിതാവിനെ, ദേശീയതയുടെ സമഗ്രചിഹ്നത്തെ സ്വന്തം ആദർശബോധത്തിൽ നിന്നും ആട്ടിക്കളഞ്ഞവനിൽ, പിന്നെ രാഷ്ട്രവിദ്വേഷം പടരാൻ അധികം സമയം വേണ്ടാ എന്നുള്ളതാണ് വാസ്തവം.  ഏതായാലും ഇപ്പോൾ നടന്ന സംഭവങ്ങൾ തെളിയിക്കുന്നത് ദളിതസംജ്ഞ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇക്കാര്യത്തിൽ ദുരുപയോഗം ചെയ്യുന്നു എന്നുള്ളതാണ്.

രാഷ്ട്രപിതാവിനെ ദളിതവിരോധിയാക്കി വെറുപ്പു പടർത്തുന്ന തന്ത്രം കേരളത്തിൽ ഡി. എച്ച്. ആർ. എമ്മിനെ ഉപയോഗിച്ച് നടത്താൻ ശ്രമിച്ചത് പലരും ശ്രദ്ധിച്ചിരിക്കും.  അവരുടെ പ്രഭാഷണങ്ങളിൽ ഗാന്ധിവിദ്വേഷം ഉയർന്നുകേട്ടിരുന്നു.  കേരളം അത് തടയുകയുണ്ടായി.  പക്ഷേ, ആന്ധ്രയിൽ മാവോയിസ്റ്റ് സ്വാധീനവും അധികാരിവർഗ്ഗത്തിന്റെ ശ്രദ്ധക്കുറവും മൂലം ഗാന്ധിദ്വേഷവും രാഷ്ട്രവിരോധവും പലരിലും വളരാൻ ഇടയായിട്ടുണ്ട്.

കേരളത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചതന്നെ രോഹിത് സംഭവത്തിൽ നടക്കുന്നുണ്ട്. പക്ഷേ, ദളിതപീഢനം ആണ് ചർച്ച ഇവിടെ ആകേണ്ടതെങ്കിൽ കേരളത്തിൽ നടക്കുന്ന ദളിതപീഢനം ആദ്യം ചർച്ച ചെയ്യപ്പെടേണ്ടതാണ്.  അതിൽ പ്രഥമസ്ഥാനം അർഹിക്കുന്നത്, മുസ്ലീം പെൺകുട്ടിയ പ്രണയിച്ച കുറ്റത്തിന്, ഇസ്ലാമികതീവ്രവാദികൾ താലിബാൻ മോഡലിൽ മതകോടതി നടത്തി ശിക്ഷ വിധിച്ച് കൊന്നുകളഞ്ഞ കണ്ണൂർ ജില്ലയിലെ വിനീഷിന്റെ സംഭവമാണ്.  മർദ്ദിച്ച് അവശനാക്കിയ ശേഷം, സർജറി സ്കാൽപ്പലോ മറ്റോ ഉപയോഗിച്ച്, ശരീരത്തിൽ രക്തക്കുഴലുകൾ കാണുന്ന ഭാഗങ്ങളിൽ ഇരുപത്തിനാലിടത്ത് മുറിവുകൾ ഉണ്ടാക്കി രക്തം ചോർത്തി കെട്ടിത്തൂക്കിയാണ് വിനീഷിനെ അവർ കൊന്നത്.

ഈ മരണം നടന്നിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞു.  സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന നവലിബറൽ  ആക്ടിവിസ്റ്റുകൾ പറയാൻ ആഗ്രഹിക്കാത്ത പേരാണ് വിനീഷിന്റെ. മലബാർ മേഖലയിൽ വേറെയും രണ്ടു പേർ ഇസ്ലാമികമതമൗലികവാദികളുടെ തീവ്രവാദപ്രവർത്തനങ്ങൾക്കിരയായി കൊലപ്പെട്ടിട്ടുണ്ട്.  സി. പി, എം. നടത്തിയ ദളിതയുവാക്കളുടെ കൊലപാതകങ്ങൾ വേറെ രണ്ടെണ്ണമുണ്ട്.

ദളിതസമൂഹത്തിലെ പെൺകുട്ടികളെ കെട്ടിയിട്ട് കൂട്ടമായി മാനഭംഗം ചെയ്ത സംഭവം ദളിതപീഢനം ആയി കണക്കാക്കാൻ ഇവിടത്തെ ആക്ടിവിസ്റ്റുകൾക്ക് ആകുന്നില്ല എന്നത്, വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്.  അവരെ സംബന്ധിച്ച്
ദളിതപീഢനം എന്ന ആരോപണം ഒരു വൺവേ യാത്ര മാത്രമാണ്.  എങ്ങോട്ടിറങ്ങിയാലും  അത് ബി. ജെ. പി.യുടെ രാഷ്ട്രീയത്തിന് എതിരായ പ്രവർത്തനത്തിന്റെ വഴിയിലേക്ക് മാത്രമായിരിക്കണം എന്നുള്ള നിർബന്ധം അവിടെയുണ്ട്.

രാഷ്ട്രം വാസ്തവങ്ങൾക്കുനേരെ കണ്ണു തുറക്കേണ്ടിയിരിക്കുന്നു.  പിന്നോക്കസമൂഹങ്ങളെ വഴിതെറ്റിക്കുന്ന വെറുപ്പിന്റെ ചിന്താധാരകൾ വൈദേശികശത്രുക്കൾക്കായി ഈ നാട്ടിൽ പരക്കുന്നത് ഇവിടത്തെ ജനത അറിയേണ്ടിയിരിക്കുന്നു.  നമ്മുടെ സമൂഹത്തെ വാസ്തവങ്ങൾ ബോധ്യപ്പെടുത്തി ദേശീയധാരയിലൂടെ നിരന്തരം ചരിപ്പിക്കുകയും രാഷ്ട്രസേവനതൽപ്പരരായി അവരെ നിലനിർത്തുകയും ചെയ്യേണ്ടത് ഇന്ത്യയുടെയും അതിന്റെ ജനതയുടെയും നിലനിൽപ്പിന്റെ പ്രാഥമികമായ ആവശ്യമാണ്‌.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close