ന്യൂഡൽഹി : ഭാരതത്തിന്റെ അടുത്ത ചൊവ്വാ പര്യവേഷണത്തിന് ഫ്രഞ്ച് സഹായം. 2020 ഓടെ ചൊവ്വയിൽ ഇറങ്ങാനുള്ള അടുത്ത ഇന്ത്യ ദൗത്യത്തിനാണ് ഫ്രാൻസുമായി ധാരണയായത് . കരാർ യാഥാർത്ഥ്യമായാൽ ചൊവ്വയിൽ ഇറങ്ങുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാകും ഭാരതം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വാ ഒലാന്ദയും തമ്മിൽ നടന്ന ചർച്ചകളിലാണ് ഇന്ത്യയുടെ ചൊവ്വാ ബഹിരാകാശ ദൗത്യത്തിന്റെ അടുത്ത ഘട്ടത്തിനുളള പദ്ധതിയിൽ കൈകോർക്കാൻ ധാരണയായത് .. ഇന്ത്യയുടെ മംഗൾയാൻ പദ്ധതിയുടെ വിജയം വളരെ ശ്രദ്ധേയമായിരുന്നുവെന്നും കുറഞ്ഞ ചെലവിൽ ഇന്ത്യ നടത്തിയ ബഹിരാകാശ ദൗത്യമാണ് ഈ മേഖലയിൽ സഹകരണം ഉറപ്പിക്കാൻ തങ്ങളെ പ്രേരിപ്പിക്കുന്നതെന്നും ഫ്രഞ്ച് ബഹിരാകാശ ദൗത്യ ഏജൻസി അറിയിച്ചു
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5 ന് വിക്ഷേപിച്ച മംഗൾയാൻ പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചെടുത്തത് . 450 കോടി രൂപ മാത്രമായിരുന്നു ഇതിന്റെ ചെലവ്. . ഇന്ത്യാ- ഫ്രാൻസ് സഹകരണം യാഥാർത്ഥ്യമായാൽ ചൊവ്വയുടെ ഉപരിതലത്തിൽ കാലുകുത്തുന്ന രണ്ടാമത്തെ രാജ്യമായി ഭാരതം മാറും
അമേരിക്കമാത്രമാണ് ഇതുവരെ ഈ ദൗത്യത്തിൽ വിജയിച്ചിട്ടുള്ളത് .ബഹിരാകാശ ദൗത്യമുൾപ്പടെ 14 പ്രധാന മേഖലകളിലെ സഹകരണത്തിന് ഭാരതവും ഫ്രാൻസും തമ്മിൽ ധാരണയായി .