തിരുവനന്തപുരം: മന്ത്രിസഭയില്‍ നിന്ന് രാജിവെയ്‌ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ. ബാബു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറാന്‍ വൈകിയതിന് താനല്ല ഉത്തരം പറയേണ്ടതെന്നും കെ. ബാബു തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിസഭായോഗത്തിലും ബാബു പങ്കെടുത്തില്ല.
ബാബുവിനെതിരായ വിജിലന്‍സ് കോടതി പരാമര്‍ശം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് കോടതിയുടെ നടപടിയില്‍ അപാകതയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കെ. ബാബുവിന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുന്നതിന് മുന്‍പ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ രാജി പിന്‍വലിപ്പിക്കാമെന്നുമായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകാഞ്ഞതോടെ ഈ നീക്കം പാളുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ. ബാബുവിന്റെ പ്രതികരണം.
ഔദ്യോഗിക വസതി ഒഴിയാന്‍ താന്‍ സന്നദ്ധത അറിയിച്ചതായും എംഎല്‍എ ഹോസ്റ്റലില്‍ മുറിക്ക് അപേക്ഷ നല്‍കിയതായും കെ. ബാബു മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. വിജിലന്‍സ് കോടതി പരാമര്‍ശത്തിനെതിരെ കെ. ബാബുവും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍ികിയിട്ടുണ്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കഴിഞ്ഞ ദിവസം ബാര്‍ കോഴക്കേസില്‍ കെ. ബാബുവിനെതിരേ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.