കോഴിക്കോട്: ഒന്‍പത് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മൂന്നാംദിനവും എറണാകുളം ജില്ലയുടെ ശക്തമായ മുന്നേറ്റം. കിരീടത്തിനായുള്ള മത്സരത്തില്‍ എറണാകുളം 198 പോയിന്റും പാലക്കാട് 166 പോയിന്റുമാണ് നേടിയത്. മീറ്റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇനിയുള്ള ഓരോ മത്സരങ്ങളും നിര്‍ണായകമാവും.
അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാട് പറളി സ്‌കൂളിന്റെ നിധീഷ് സ്വര്‍ണനേട്ടത്തോടെയാണ് സംസ്ഥാന സ്‌കൂള്‍ മേളയുടെ മൂന്നാം ദിനം ആരംഭിച്ചത്. പിന്നീടങ്ങോട്ട് റെക്കോര്‍ഡുകളുടെ പെരുമഴക്ക് തന്നെയാണ് മെഡിക്കല്‍ കോളേജിലെ സിന്തറ്റിക് ട്രാക്ക് വേദിയായത്. മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ സാന്ദ്ര സുരേന്ദ്രന്‍ മൂന്നാം ദിനത്തിലെ ആദ്യ റെക്കോര്‍ഡ് കരസ്ഥമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പിലും ഹാമ്മര്‍ത്രോയിലും റെക്കോര്‍ഡ് നേടിയതോടെ ഐശ്വര്യ പി.ആര്‍ മേളയിലെ ആദ്യ റെക്കോര്‍ഡ് ഡബിള്‍ നേടി.
സബ്ജൂനിയര്‍ ഗേള്‍സിന്റെ അറുന്നൂറ് മീറ്ററില്‍ പാലക്കാടിന്റെ ചാന്ദ്‌നി സി, മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇടുക്കിയുടെ സച്ചിന്‍ ബിനു ദേശീയ റെക്കോര്‍ഡിനൊത്ത പ്രകടനമാണ് കാഴ്ചവെച്ചത്. സീനിയര്‍ ഗേള്‍സ് 1500 മീറ്റര്‍ ഓട്ടത്തില്‍ കോഴിക്കോടിന്റെ അബിത മേരി മാത്യു മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ കോട്ടയത്തിന്റെ ഡൈബി സെബാസ്റ്റ്യനും റെക്കോര്‍ഡിനുടമയായി.
മൂന്നാം ദിനവും എറണാകുളം ജില്ലയുടെ ശക്തമായ മുന്നേറ്റം തന്നെയാണ് കണ്ടത് . 198 പോയിന്റുമായി എറണാകുളം ഒന്നാമതും 166 പോയിന്റുമായി പാലക്കാട് രണ്ടാമതുമാണ്. 90 പോയിന്റുമായി ആതിഥേയരായ കോഴിക്കോടാണ് മൂന്നാമത്. സ്‌കൂളുകളില്‍ 74 പോയിന്റുമായി കോതമംഗലം മാര്‍ബേസില്‍ ഒന്നാമതെത്തിപ്പോള്‍ 66 പോയിന്റുമായി പാലക്കാട് പറളി സ്‌കൂള്‍ രണ്ടാമതായി. കഴിഞ്ഞ തവണത്തെ ജേതാക്കളായ കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച് എസ്.എസ് 37 പോയിന്റുമായി സ്‌കൂളുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്.