ജോഹന്നാസ്ബർഗ് : കളിക്കളത്തിൽ തീ തുപ്പുന്ന പന്തുകളെറിഞ്ഞ് എതിരാളികളെ വിറപ്പിക്കുന്ന ഡെയ്ൽ സ്റ്റെയിന് പക്ഷേ ബ്ളാക്ക് മാംബയെ പേടിയാണ് . ഈയടുത്ത് സുഹൃത്തുമൊപ്പം യാത്ര ചെയ്യവേ ബ്ളാക്ക് മാംബയെന്ന കൂടിയ ഇനം വിഷപ്പാമ്പിനെ കണ്ട കഥ സ്റ്റെയ്ൻ ഇൻസ്റ്റാഗ്രാമിലാണ് ഷെയർ ചെയ്തത്.
ക്രൂഗർ നാഷണൽ പാർക്കിലൂടെ കാറോടിച്ചു പോകവേയാണ് റോഡരികിൽ പരിക്കേറ്റ് കിടക്കുന്ന പാമ്പിനെ സ്റ്റെയ്ൻ കാണുന്നത് . വിഷമില്ലാത്ത ബ്രൗൺ ഹൗസ് ഇനത്തിൽ പെട്ട പാമ്പാണെന്ന് ധരിച്ച് സ്റ്റെയ്നും സുഹൃത്തും പാമ്പിനെ റോഡിൽ നിന്ന് മാറ്റിയിടാൻ ഇറങ്ങി . തൊട്ടടുത്ത് ചെന്നപ്പോഴാണ് സ്റ്റെയ്നു കാര്യം പിടികിട്ടിയത് .
ആൾ ബ്രൗൺഹൗസല്ല ബ്ളാക്ക് മാംബയാണ് ! ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ പാമ്പിന്റെ കടിയേൽക്കാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സ്റ്റെയ്ൻ പറയുന്നു . പാമ്പിന്റെ വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട് .
ആഫ്രിക്കയിൽ കാണപ്പെടുന്ന വിഷപ്പാമ്പാണ് ബ്ളാക് മാംബ . നാലര മീറ്റർ വരെ നീളമുള്ള ബ്ളാക്ക് മാംബ ലോകത്തിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് . വളരെ പെട്ടെന്ന് ഒന്നിൽക്കൂടുതൽ തവണ കടിയേൽപ്പിക്കാൻ ഇതിനു കഴിവുണ്ട് . മരണ ചുംബനം എന്നാണ് ബ്ളാക്ക് മാംബയുടെ കടിയെ ആഫ്രിക്കക്കാർ വിശേഷിപ്പിക്കുന്നത് .