NewsIconsSpecial

ഒരു മാൻ മാർക്ക് കുടയിലൂടെ…

നമ്പൂതിരി സമൂഹത്തെ ദുരാചാരങ്ങളുടെ അടുക്കളയിൽ നിന്നും നവോത്ഥാനത്തിന്റെ അരങ്ങത്തേക്ക് കൈ പിടിച്ചു നടത്തിയ വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്ന വി ടി ഭട്ടതിരിപ്പാട് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് 33 വർഷം തികയുകയാണ് . തീയാടി പെൺകുട്ടി പകർന്ന് നൽകിയ അക്ഷരങ്ങളിലൂടെ മാൻ മാർക്ക് കുട വായിച്ചറിഞ്ഞ ഒരു സാധാരണ ശാന്തിക്കാരനിൽ നിന്നും കേരളത്തിന്റെ നവോത്ഥാന ചരിത്രം മാറ്റിയെഴുതിയ സാമൂഹ്യ പരിഷ്കർത്താവായി അദ്ദേഹം മാറിയത് മനുഷ്യദർശനം മാത്രം കൈമുതലാക്കിയായിരുന്നു

1896 മാർച്ച് 26 ന് പൊന്നാനിയിൽ ജനിച്ച വിടി പതിനേഴാം വയസിലാണ് തീയാടി പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് മലയാളം പഠിക്കുന്നത് .പിന്നീട് ഇടക്കുന്നിയിലെ നമ്പൂതിരി വിദ്യാലയത്തിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി എന്ന പേരിൽ സ്വന്തം പത്രാധിപത്യത്തിൽ ഒരു മാസിക പുറത്തിറക്കി. സ്വാതന്ത്ര്യ സമര രംഗത്തേക്ക് ആവേശ ഭരിതനായി ചാടിയിറങ്ങിയ വിടി അഹമ്മദാബാദിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാനായി കപ്പൽ കയറി . കപ്പലിൽ സഞ്ചരിച്ചതിന് ഭ്രഷ്ട് കൽപ്പിക്കപ്പെടുകയും വിദ്യാഭ്യാസം അവസാനിക്കുകയും ചെയ്തു

യോഗക്ഷേമസഭയുടെ മുഖപത്രമായ യോഗക്ഷേമം , യുവാക്കളുടെ മാസികയായ ഉണ്ണി നമ്പൂതിരി എന്നീ പ്രസിദ്ധീകരണങ്ങളിൽ പങ്കാളിത്തം വഹിച്ചു . യോഗക്ഷേമ സഭയിലെ ഉത്പതിഷ്ണു വിഭാഗത്തിലെ പ്രധാനിയായി . അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകമെഴുതി . “പട്ടിയായി ജനിക്കാം , പൂച്ചയായി ജനിക്കാം ,ഇനിയൊരു ജന്മമുണ്ടെങ്കിൽ മറ്റേത് നികൃഷ്ട ജീവിയായും ജനിക്കാം . പക്ഷേ ഒരില്ലത്തെ അപ്ഫനായി ജനിക്കാൻ സാദ്ധ്യമല്ല ” എന്ന പ്രസിദ്ധമായ സംഭാഷണ ശകലം വന്നത് ആ നാടകത്തിലാണ്.

നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ അദ്ദേഹം വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചു . മുൻ കയ്യെടുത്ത് നടത്തുകയും ചെയ്തു. തൊട്ടുകൂടായ്മയ്ക്കും ജാതീയ അനാചാരങ്ങൾക്കുമെതിരെ ശക്തമായി പോരാടി , മിശ്രഭോജനത്തിനും ക്ഷേത്ര പ്രവേശനത്തിനായുള്ള സമരത്തിലും മുൻ പന്തിയിൽ നിന്നു .. അയിത്തോച്ചാടനത്തിനായി ഇനി നാം അമ്പലങ്ങൾക്ക് തീ കൊടുക്കുക എന്ന ആഹ്വാനത്തോടെ ലഘുലേഖ പുറത്തിറക്കിയതും വി ടി ആയിരുന്നു

ത്യാഗസമ്പത്തു കൊണ്ട് ദേവത്വവും ഭോഗ തൃഷ്ണ കൊണ്ട് മൃഗീയത്വവും നേടിയ നമ്പൂതിരിമാർക്കിടയിൽ ഒരു കൊടുങ്കാറ്റായി കടന്ന് വന്ന് വിപ്ലവം നടത്താൻ വി ടി ക്ക് കഴിഞ്ഞു . നിശിതങ്ങളായ വാക്കുകളും പടവാളിനേക്കാൾ മൂർച്ചയുള്ള തൂലികയും കൊണ്ട് ആ മഹാനുഭാവൻ കേരള നവോത്ഥാനത്തിനു ചെയ്ത സേവനങ്ങൾ ഒട്ടും ചെറുതല്ല

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത എന്നീ നാടകങ്ങൾ, നിരവധി ഉപന്യാസങ്ങൾ , രജനീരംഗം , പോംവഴി തുടങ്ങിയ കഥാസമാഹാരങ്ങൾ ,കണ്ണീരും കിനാവും , കർമ്മവിപാകം, ജീവിതസ്മരണകൾ എന്നിവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്

1982 ഫെബ്രുവരി 12 ന് വി ടി ഭട്ടതിരിപ്പാട് അന്തരിച്ചു

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close